ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന കൂപ്പറില്‍ നിന്ന് മാറ്റി

മുംബൈ: ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിളെടുക്കുന്നത് മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പൊലീസ് മാറ്റി.
രക്തസാംപിള്‍ ശേഖരിക്കുന്നതിനായി ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ എത്താനാണ് മുംബൈ ഓഷിവാര പൊലീസ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ ജുഹുവിലെ ആര്‍എന്‍ കൂപ്പര്‍ ജനറല്‍ ആശുപത്രിയിലെത്താനായിരുന്നു ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടത്. അവസാന നിമിഷം എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്തിയതെന്നതിന് പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്ന് ഒഴിവാക്കാനാണ് ആശുപത്രിമാറ്റമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെയാണ് നിര്‍ദേശിച്ചത്. പരിശോധനാഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണമെന്നും നിര്‍ദേശമുണ്ട്.
അന്വേഷണവുമായി സഹകരിക്കുമെന്നും ഡിഎന്എ പരിശോധനയ്ക്കു തയാറെന്ന് ബിനോയ് കോടിയേരി കോടതിയെ അറിയിച്ചിരുന്നു. പരാതി ഉന്നയിച്ച യുവതി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം ബിനോയ് എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്കു രക്തസാംപിള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ആദ്യം ഹാജരായ ദിവസം തന്നെ പൊലീസ് ബിനോയിയോടു സാംപിള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി കൂടുതല്‍ സമയം ചോദിച്ചു. നല്‍കാമെന്നു പറഞ്ഞ ദിവസം രക്ത സാംപിളിനു പകരം ബിനോയ് നല്‍കിയത് ആരോഗ്യനില മോശമെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്. മൂന്നാമത്തെ പ്രാവശ്യം അന്വേഷണ ഉദ്യോഗസ്ഥന്‍ ഇല്ലാത്തതിനാല്‍ രക്തസാംപിള്‍ എടുത്തില്ല. ഇതേ തുടര്‍ന്നാണ് രക്തസാംപിള്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

share this post on...

Related posts