കുഞ്ഞുങ്ങള്‍ മുത്തശ്ശിക്കഥ കേട്ട് വളരട്ടെ

ജോലിക്കാര്യം പറഞ്ഞ് കുഞ്ഞുങ്ങളുമൊത്ത് നഗരങ്ങളിലേക്ക് ചേക്കേറുമ്പോള്‍ അങ്ങകലെ മുത്തശ്ശനും മുത്തശ്ശിയും പിന്നെ പറയാന്‍ ബാക്കി വെച്ച ഒരുപാട് കഥകളും ഒറ്റക്കായിട്ടുണ്ടാകും. ഫോണ്‍ കോളിലോ അവധിക്കാലത്തെ നാലോ അഞ്ചോ ദിവസത്തെ സന്ദര്‍ശനത്തിലോ മുത്തശ്ശനും മുത്തശ്ശിയും കൊച്ചു മക്കളുമായുള്ള ബന്ധം ഒതുങ്ങിത്തീരുന്നു. ഇതിലൂടെ ഒന്നാം തലമുറയും മൂന്നാം തലമുറയും തമ്മിലുള്ള ഒരു മനോഹര ബന്ധം ഇല്ലാതാകുകയാണ് ചെയ്യുന്നത്.

കുട്ടികള്‍ മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം നില്‍ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയോ?

കുട്ടികള്‍ കരുണയും സ്നേഹവും ഉള്ളവരാകുന്നു

മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം കുട്ടികള്‍ താമസിക്കുമ്പോള്‍ പല ഗുണങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് കുട്ടികള്‍ കരുണയും സ്നേഹവും ഉള്ളവരാകുന്നു എന്നത്. മാതാപിതാക്കളുടെ തിരക്കേറിയ ജീവിതത്തില്‍ തിരക്കേറിയ നഗരത്തില്‍ നില്‍ക്കുന്നതിനേക്കാള്‍ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം നില്‍ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തരക്കാരില്‍ കരുണയും സ്നേഹവും വര്‍ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചെറുപ്പത്തിന്റെ ദേഷ്യവും വീറും വാശിയും പലപ്പോഴും മാതാപിതാക്കള്‍ മക്കളുടെ മുന്നില്‍ കാണിക്കുമ്പോള്‍ മുത്തശ്ശനും മുത്തശ്ശിയും കരുണയും സ്നേഹവും പ്രകൃതി സനേഹവുമൊക്കെയാണ് കാണിക്കുന്നത്. ഇതി കുട്ടികളില്‍ നല്ല സ്വഭാവം രൂപീകരിക്കുന്നതിന് സഹായിക്കും.

കുട്ടികള്‍ ലോകം കണ്ടു വളരുന്നു

മാതാപിതാക്കളേക്കാള്‍ ഏറെ അനുഭവ സമ്പത്തുള്ളവരാണ് മുത്തശ്ശനും മുത്തശ്ശിയും. അവരുടെ അനുഭവ സമ്പത്ത് കുട്ടികളെ നല്ല നിലയില്‍ സ്വാധീനിക്കും. മുത്തശ്ശനും മുത്തശ്ശിയും കുട്ടികളുമായി പങ്കുവെക്കുന്ന അറിവുകള്‍ക്കും വളരെ ഏറെ വ്യത്യാസം ഉണ്ട്. കാര്യമാത്ര പ്രസക്തമായതും കുഞ്ഞുങ്ങളെ സ്നേഹവും ആര്‍ദ്രതയും ഉള്ളവരാക്കുന്നതുമായ കാര്യങ്ങളായിരിക്കും അവര്‍ പങ്കുവെക്കുക. അതുകൊണ്ട് തന്നെ മുത്തശ്ശിക്കും മുത്തശ്ശനും ഒപ്പം കുട്ടികള്‍ വളരുന്നത് വളരെ ഏറെ ഉപകാരപ്രദമാണ്.

ആശയ വിനിമയ പാടവം വര്‍ധിക്കുന്നു

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നില്‍ക്കുന്ന കൂട്ടികളില്‍ ആശയ വിനിമയ പാഠവവും അറിവും വര്‍ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുത്തശ്ശി/ മുത്തശ്ശന്‍ പറയുന്ന കഥകളിലൂടെ കുട്ടികളുടെ ഭാവനാ ശേഷിയും ഓര്‍മ്മ ശക്തിയും വര്‍ധിക്കുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു.

ഓര്‍മ്മ ശക്തി വര്‍ധിക്കുന്നു

മാതാപിതാക്കള്‍ നല്‍കുന്ന ശിക്ഷണത്തേക്കാള്‍ പല കാര്യങ്ങളിലും എളുപ്പം ഫലം കാണുക മുത്തശ്ശനും മുത്തശ്ശിയും പറയുന്ന കാര്യങ്ങള്‍ക്കായിരിക്കും. സ്നേഹം, വാത്സല്യം ഒപ്പം പ്രായത്തിന്റേതായ ബഹുമാനം എന്നിവ ചേര്‍ത്ത് മുത്തശ്ശനും മുത്തശ്ശിയും പറയുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കിക്കൊടുക്കാന്‍ കുട്ടികള്‍ തയ്യാറാകുന്നു. അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ കുട്ടികള്‍ കൃത്യമായി ഓര്‍മ്മയില്‍ സൂക്ഷിക്കുകയും അതിനൊത്ത് പെരുമാറുകയും ചെയ്യുന്നു.
നിലവിലെ സാഹചര്യത്തില്‍ മേല്‍ പറഞ്ഞ പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചെന്നു വരില്ല. ജോലിക്കായി നഗരങ്ങളിലേക്ക് ചേക്കേറിയ കുടുംബത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന എത്രയോ കുട്ടികള്‍ ഇന്ന് നമുക്ക് ചുറ്റുപാടു ഉണ്ട്. പലപ്പോഴും സ്‌കൂളും വീടുമായി കഴിയാന്‍ വിധിക്കപ്പെട്ട് നഗരത്തില്‍ രാപാര്‍ക്കുന്നവര്‍. മാറിയ സാഹചര്യത്തില്‍ വളരുന്ന കുട്ടികളുടെ ചുറ്റുപാടുകള്‍ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. കുട്ടികളെ വളര്‍ത്തുമ്പോള്‍ അമ്മമാര്‍ ചില കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കുന്നതോടൊപ്പം തന്നെ കുട്ടികളിലെ ടിവി, മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇവയുടെ അമിത ഉപയോഗം നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക എന്ന് അറിഞ്ഞിരിക്കുക.

share this post on...

Related posts