ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയും അസ്ഹറുദ്ദീനും ജെയ് ഷായും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍

 

മുംബൈ: ബിസിസിഐ പ്രസിഡന്റാകാന്‍ ഗാംഗുലിയും അസ്ഹറുദ്ദീനും ജെയ് ഷായും അടക്കമുള്ള വമ്പന്മാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ, മുന്‍ ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിംഗ് ധുമാല്‍ എന്നിവരും പ്രസിഡന്റാകാനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ട്.

ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ മുന്‍ താരം ബ്രിജേഷ് പട്ടേല്‍, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ്മ, മുന്‍ കേന്ദ്രമന്ത്രി രാജീവ് ശുക്ല തുടങ്ങിയവരും ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ആകെ 38 പേരുടെ പേരുകളാണ് വിവിധ സംസ്ഥാന അസോസിയേഷനുകള്‍ ബിസിസിഐ-യിലെ വിവിധ സ്ഥാനങ്ങളിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു പേരുകള്‍ നിര്‍ദേശിക്കാനുള്ള അവസാന തീയതി. ഈ മാസം 16-ന് ബിസിസിഐ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്‍ ഗോപാല സ്വാമി ബിസിസിഐ-യിലെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരുടെ അന്തിമ പട്ടിക പുറത്തിറക്കും. ബിസിസിഐ ഭരണസമിതിയിലെ ആറും, ഐപിഎല്‍ ഭരണസമിതിയിലെ രണ്ടും സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, ഈ മാസം 23-ന് നടക്കും. ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Related posts