വണ്ണം കുറയ്ക്കും സ്പെഷ്യല്‍ ഫ്രൂട്ട്സ് സലാഡ്

വണ്ണം കുറയ്ക്കാന്‍ കാര്യമായ വര്‍ക്കൗട്ടും ഡയറ്റുമായി മുന്നോട്ട് പോകന്നവരുടെ ഒരു പ്രധാന ആശ്രയമാണ് പഴങ്ങള്‍. വിശക്കുമ്പോള്‍ കയ്യില്‍ക്കിട്ടുന്ന സ്നാക്സ് കഴിച്ച് ഡയറ്റ് കുളമാക്കാതിരിക്കാനാണ് മിക്കവരും പഴങ്ങളെ ആശ്രയിക്കുന്നത്. എന്നാല്‍ എല്ലായിനത്തില്‍പ്പെട്ട പഴങ്ങളും വണ്ണം കുറയ്ക്കാന്‍ അത്ര സഹായകരമാകില്ല. സഹായകരമാകില്ലെന്ന് മാത്രമല്ല, ചില പഴങ്ങളെങ്കിലും പാര വയ്ക്കുകയും ചെയ്തേക്കാം. അതായത് വണ്ണം കൂട്ടാനിടയാക്കുമെന്ന്. എന്നാല്‍ ‘സിട്രസ് ഫ്രൂട്ട്സ്’ ഗണത്തില്‍പ്പെടുന്ന പഴങ്ങളാണെങ്കില്‍ ഇക്കാര്യത്തില്‍ ‘ഡബിള്‍ ഗ്യാരണ്ടി’യാണ്. മുന്തിരി, ഓറഞ്ച്, നാരങ്ങ, കിവി, ബെറികള്‍- തുടങ്ങിയ പഴങ്ങളെല്ലാമാണ് ‘സിട്രസ് ഫ്രൂട്ട്സ്’ ഗണത്തില്‍പ്പെടുന്നത്. കലോറിയുടെ കാര്യത്തില്‍ വളരെയധികം പിന്നിലാണെന്നതാണ് ഇവയുടെ വലിയ പ്രത്യേകത. അതിനാല്‍ ഒരുതരത്തിലും വണ്ണം കൂട്ടാന്‍ ഇവ കാരണമാകില്ല. ഫൈബറിനാല്‍ സമ്പുഷ്ടമാണ് എന്നതും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ട് ദഹനപ്രക്രിയയുടെ കാര്യത്തില്‍ ആശങ്കകള്‍ വേണ്ട. ഈ രണ്ട് ഘടകങ്ങള്‍ മാത്രം മതി, വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നൊരാള്‍ക്ക് ‘സിട്രസ് ഫ്രൂട്സ്’ സുരക്ഷിത ഭക്ഷണമാക്കാന്‍. ഇതിനെല്ലാം പുറമെ ഇഷ്ടം പോലെ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഇവയെ ആരോഗ്യകരമാക്കുന്നു. ഇനി ‘സിട്രസ് ഫ്രൂട്സ്’ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു സലാഡിനെ പറ്റി അറിയാം. ഡയറ്റിംഗിലുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന തരം സലാഡാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. രുചിയും, ആരോഗ്യത്തിന് വേണ്ട അവശ്യം ഘടകങ്ങളുമെല്ലാം ഒത്തിണങ്ങിയ സലാഡ് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

‘സിട്രസ് ഫ്രൂട്സ് സലാഡ്’ തയ്യാറാക്കാം…

അല്‍പം പ്ലം, പൈനാപ്പിള്‍, മുന്തിരി, സ്ട്രോബെറി, കിവി, ഓറഞ്ച് എന്നിവയെല്ലാം ഇത് തയ്യാറാക്കാനായി എടുക്കാം. എല്ലാം ചെറുകഷ്ണങ്ങളാക്കാം. ചില സമയങ്ങളില്‍ ചില പഴങ്ങള്‍ കിട്ടാതെ പോയേക്കാം. അത്തരം സാഹചര്യങ്ങളില്‍ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന നയം ധൈര്യമായി സ്വീകരിക്കാം. അതായത്, ഏതെങ്കിലും ഒന്ന് കുറഞ്ഞത് കൊണ്ടോ കൂടിയത് കൊണ്ടോ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന്.
ഇനി, ഇവയിലേക്ക് അല്‍പം ഉപ്പുപൊടി, അല്‍പം കുരുമുളക് പൊടി, ആവശ്യമെങ്കില്‍ സ്വല്‍പം വിനാഗിരി, സ്വല്‍പം തേന്‍, സ്വല്‍പം ഒലിവ് ഓയില്‍ എന്നിവയും ചെറുതാക്കി മുറിച്ച ബദാമും ചേര്‍ക്കാം. ഒരുനേരത്തെ ഭക്ഷണമെന്ന നിലയ്ക്ക് തന്നെ ഇത് കണക്കാക്കാവുന്നതേയുള്ളൂ.

share this post on...

Related posts