കുക്കിങ് ഗ്യാസ് അല്‍പം ലാഭിക്കാന്‍ ചില വഴികള്‍

പാചകവാതക സിലിണ്ടറിന് എപ്പോഴാണ് വില കയറുകയെന്ന് പ്രവചിക്കല്‍ സാധ്യമല്ല. വീട്ടമ്മമാര്‍ക്കാണെങ്കില്‍ എപ്പോഴും ആധിയാണ്. ചിലപ്പോഴെല്ലാം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് രാവിലത്തെ തിരക്കിനിടയിലോ രാത്രി അത്താഴമൊരുക്കുന്നതിന് ഇടയിലോ ഒക്കെ ഗ്യാസ് തീര്‍ന്നേക്കാം. ഇനിമുതല്‍ കണക്കുകൂട്ടുന്നതിലും അല്‍പം അധികകാലത്തേക്ക് ഗ്യാസ് നീട്ടിക്കിട്ടിയാലോ വെറുതെയല്ല. ഇതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ. അങ്ങനെ ഒരു കരുതലെടുക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കാം.

*ഗ്യാസ് സ്റ്റൗ കത്തിക്കുന്നത് മുതല്‍ തന്നെ ശ്രദ്ധ ആവശ്യമാണ്. സ്റ്റൗ ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം നോബ് സിം മോഡില്‍ ഇടണം. അല്ലെങ്കില്‍ കൂടുതല്‍ ഗ്യാസ് പുറത്തുപോകാന്‍ സാധ്യതയുണ്ട്.
*പാചകം ചെയ്യുന്ന പാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ചുവടുകട്ടിയുള്ള പാത്രങ്ങള്‍ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതാണ് എപ്പോഴും രുചികരമാവുക. എന്നാല്‍ ആവശ്യത്തിലധികം കട്ടിയുള്ള പാത്രമാകുമ്പോള്‍ ചൂട് കടത്തിവിടാന്‍ അതിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കും. അപ്പോഴും ഗ്യാസ് ഒരല്‍പം കൂടുതല്‍ ഉപയോഗിക്കപ്പെടും. അതുപോലെ തന്നെ വലിയ പാത്രത്തില്‍ പാകം ചെയ്യുമ്പോഴും.
*കഴിയുമെങ്കില്‍ വേവിക്കുന്നതെല്ലാം കുക്കറില്‍ തന്നെ ചെയ്യുക. സമയം ലാഭിക്കുന്നതോടൊപ്പം തന്നെ ഗ്യാസും ലാഭിക്കാന്‍ ഇത് സഹായിക്കും.
പയര്‍, പരിപ്പ്, കടല – തുടങ്ങിയ സാധനങ്ങള്‍ വേവിക്കുമ്പോള്‍ ഇതിന് മുമ്പായി ഇവ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക.. ഇങ്ങനെ ചെയ്യുന്നതിലൂടെ പാകം ചെയ്യാനെടുക്കുന്ന സമയം ലാഭിക്കാം. കൂടെ ഗ്യാസും.
*കറികള്‍, ചോറ് എന്നിവയെല്ലാം ഒന്നിച്ച് ഒരു ദിവസത്തേക്കുള്ളത് വെക്കുന്നതാണ് ഗ്യാസിന് ലാഭം. ഫ്രിഡ്ജില്‍ വച്ച് പിന്നീട് ചൂടാക്കി ഉപയോഗിക്കുമ്പോഴും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നല്ലരീതിയില്‍ തണുപ്പ് പോയ ശേഷം മാത്രമേ ഭക്ഷണം ചൂടാക്കാവൂ. അല്ലെങ്കില്‍ അത്രയും സമയം ഗ്യാസ് എരിയണം. മാത്രമല്ല, നന്നായി തണുപ്പ് വിടാത്ത ഭക്ഷണം *ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിനും അത്ര നന്നല്ല.
*ഗ്യാസില്‍ വെള്ളം ചൂടാക്കുന്നത് കഴിവതും ഒഴിവാക്കുക. ഇതിന് നല്ലരീതിയില്‍ സമയമെടുക്കും. വിറകടുപ്പുണ്ടെങ്കില്‍ അതോ അല്ലെങ്കില്‍ കറന്റ് അടുപ്പോ വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കാം.
*അവസാനമായി ശ്രദ്ധിക്കാനുള്ളത്, ഉപയോഗം കഴിഞ്ഞാല്‍ സിലിണ്ടര്‍ പൂട്ടിവയ്ക്കുക. സിലിണ്ടര്‍ തുറന്നുതന്നെ കിടക്കുമ്പോള്‍ ചെറിയ തോതിലെങ്കിലും ലീക്ക് ഉണ്ടെങ്കില്‍ അതുവഴി ഗ്യാസ് നഷ്ടമാകും. ഈ ശീലം അപകടമൊഴിവാക്കാനും വളരെ നല്ലതാണ്.

share this post on...

Related posts