ഹ്യുയിട്ടിനെ തോല്‍പ്പിക്കുന്ന ആള് വരണം; കാത്തിരിപ്പ് ചെന്ന് നിന്നത് റോജര്‍ ഫെഡററില്‍, ഒരു കട്ട ആരാധകന്റെ പോസ്റ്റ്

nithin

പ്രായം കൂടുന്തോറും വീര്യമേറുന്ന വീഞ്ഞിനേക്കാള്‍ ടെന്നിസ് ലഹരിയാക്കിയാ ആളാണ് ഫെഡറര്‍. ഈ വര്‍ഷത്തിലെ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം തൊട്ട് 2018ലും താന്‍ ഇവിടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു ഈ മുപ്പത്തിയാറുകാരന്‍. ഫെഡറര്‍ നേടിയ വിജയത്തെ ഏറെ ആഹ്ലാദത്തോടെയാണ് ആരാധകര്‍ നെഞ്ചേറ്റിയത്. എന്നാല്‍ ഫുട്‌ബോളിനെ പ്രണയിക്കുന്ന മലബാറിന്റെ മണ്ണില്‍ നിന്നുമുള്ള ഫെഡറര്‍ ആരാധകന്റെ കുറിപ്പ് വ്യത്യസ്തമാകുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഉമ്മറത്ത് പത്രമെത്തിയാലുടനെ അതെടുക്കും. നിവര്‍ത്തി തിരിച്ചൊന്നു പടിക്കും. പിറകീന്ന് ഒരു പേജങ്ങ് മറയ്ക്കും. വായന അവിടെ നിന്നാണ് തുടങ്ങുക.. നീയെന്താടാ അറബീയാന്നോ വായിക്കിന്നേന്ന് അച്ഛന്‍ ?. അല്ലച്ഛാ കളിയാ…
ഉം നിന്റെയൊരു കളി കുട്ടിക്കാലത്തെ പത്രവായന മിക്ക ദിവസവും ഇങ്ങനെയായിരുന്നു.
കളിവായന തുടങ്ങിയത് എന്നാണെന്ന് ഓര്‍മയില്ല. പക്ഷേ ഓര്‍മവെച്ച കാലം മുതല്‍ ഉമ്മറത്ത് രാവിലെ പത്രമെത്താറുണ്ട്. വായന കായികം പേജും. ക്രിക്കറ്റ് ആയിരുന്നു പ്രധാനം. കൂട്ടുകാരെല്ലാവരും എല്ലാവരും സചിന്റെ ആളായപ്പോള്‍ ഞാന്‍ ഗാംഗുലിയുടെ ആളായി ( എന്റെ നാട്ടിലെല്ലാവരും വലംകൈയ്യന്‍ ബാറ്റ്‌സ്മാന്മാരാണ്, ഞാനും വലംകൈയ്യന്‍ മട്ടല്‍ ബാറ്റ്‌സ്മാനായിരുന്നു. എനിക്ക് ചെയ്യാന്‍ പറ്റാത്തത് ചെന്നുന്ന ആളോടുള്ള ആരാധനയാകാം). ബൗളര്‍മാരില്‍ കുംബ്ലെയും വസീം അക്രവും. ഫുട്‌ബോളില്‍ പറഞ്ഞു കേട്ടതും അറിഞ്ഞതുമെല്ലാം മഞ്ഞപ്പടയെയും നീലപ്പടയെയും കുറിച്ച്. റൊണാള്‍ഡോയെ ഇഷ്ടമായിരുന്നു. പക്ഷേ ബ്രസീലിനോടോ, അര്‍ജന്റീനയോടോ ഇഷ്ടം തോന്നിയില്ല. ഇഷ്ടം ഒരു ലോകകപ്പ് പോലും നേടാത്ത ഹോളണ്ടിനോട്. പിന്നെ സിദാന്റെ ഫ്രാന്‍സിനോടും ബുഫണിന്റെ ഇറ്റിലിയോടും. എല്ലാ മലയാളികളെയും പോലും കറുത്ത മുത്ത് വിജയനെ ഒന്നൊന്നര ഇഷ്ടമായി. ഹോക്കിയില്‍ ധനരാജ് പിള്ളയായിരുന്നു അന്ന് താരം. ബാഡ്മിന്റന്‍ വാര്‍ത്തകളില്‍ വരുന്നത് കുറവായിരുന്നു. ഗോപീന്ദ് ഓള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റ് നേടിയതല്ലാതെ സൈന താരമാകുന്നത് വരെ കൂടുതലൊന്നും ശ്രദ്ധിച്ചില്ല..

27336449_1592915990801619_3057535831563062661_n
ബീനാമോള്‍, അഞ്ചു ബോബി ജോര്‍ജ്, ബോബി അലോഷ്യസ്.. തുടങ്ങിയവരെയെല്ലാവരെയും പരിചിതരായി.. എല്ലാ അത്‌ലറ്റിക് മത്സരങ്ങളെക്കാളും ഇഷ്ടം പോള്‍വാട്ടിനോടായിരുന്നു. കാരണം യെലേന ഇസിന്‍ ബയേവയാണ്. ഉയരങ്ങളെ തോല്‍പ്പച്ചുകൊണ്ടിരുന്ന ഇസിന്‍. ബോള്‍ട്ടെത്തിയപ്പോള്‍ ഓട്ടവും ക്രേസ് ആയി.
ഒരിക്കലും കളിച്ചിട്ടില്ലാത്ത കളിയാണ് ടെന്നീസ്. വായിച്ചറിഞ്ഞതിന് ശേഷമാണ് കാണാന്‍ തുടങ്ങിയത്. (അതും കേബില്‍ കണ്‍ക്ഷന്‍ സാര്‍വത്രികമായതിന് ശേഷം.) ആന്ദ്രെ അഗാസി- പീറ്റ് സാംപ്രസ് യുഗമായിരുന്നു പത്രവായനയുടെ ആദ്യ കാലഘട്ടം. സാംപ്രസിനൊപ്പമായിരുന്നു. അങ്ങനെ ഇരിക്കെയാണ് യു.എസ് ഓപ്പണ്‍ ഫൈനല്‍ മത്സരത്തിന് ശേഷം സാംപ്രസ് കളി അവസാനപ്പിക്കുന്നതായി വാര്‍ത്ത കണ്ടത്. 2001ല്‍. കളി കാണാനുള്ള സാദ്ധ്യതയൊന്നുമില്ല. പിറ്റേന്ന് കളി വായിക്കാനായി കാത്തിരുന്നു. പത്രം കിട്ടി.. പതിവുപോലെ പിറകിലെ പേജ് മറച്ചു.. പീറ്ര് സാംപ്രസ് ജയിച്ച വാര്‍ത്ത കാണാന്‍ കാത്തിരുന്ന ഞാന്‍ കണ്ടത് സാംപ്രസ് തോറ്റ വാര്‍ത്ത. ആകെ സങ്കടം. തോല്‍പിച്ചതോ ഓസ്‌ട്രേലിയക്കാരനായ 20കാരന്‍ ഹ്യുയിട്ട്. അയാളുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമായിരുന്നു അത്. പിന്നീട് കാത്തിരിപ്പായി.. ഹ്യുയിട്ടിനെ തോല്‍പ്പിക്കുന്ന ആള് വരണം. ആ കാത്തിരിപ്പ് ചെന്ന് നിന്നത് സ്വിസ് താരം റോജര്‍ ഫെഡററിലാണ്.. അന്നുമുതല്‍ ഫെഡ് എക്‌സ്പ്രസിനോട് മാത്രമാണ് ഇഷ്ടം.. നഡാല്‍ യുഗം വന്നപ്പോഴും പിന്നീട് ദ്യോക്കോവിച്ച് കോര്‍ട്ട് വാണപ്പോഴും മനസില്‍ ഫെഡ് എക്‌സ്പ്രസ് മാത്രം…

share this post on...

Related posts