ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം

ponkala

ponkala
തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലക്ക് തുടക്കമായി. രാവിലെ 10.15ന് കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന സമയത്ത് ക്ഷേത്രത്തിനു മുന്നില്‍ പച്ചപ്പന്തലിന് സമീപം ഒരുക്കിയ പണ്ടാരയടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവില്‍ പതിനായിരക്കണക്കിന് സ്ത്രീ ഭക്തരാണ് ആറ്റുകാലമ്മക്ക് നിവേദ്യം അര്‍പ്പിക്കുന്നത്.ക്ഷേത്രത്തില്‍ ചെണ്ടമേളവും കതിനാവെടിയും മുഴങ്ങവെ ശ്രീകോവിലില്‍ നിന്ന് തന്ത്രി തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാട് തീ പകര്‍ന്ന് മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് ക്ഷേത്രത്തിനകത്തെ വലിയ തിടപ്പള്ളിയിലും പുറത്തെ ചെറിയ തിടപ്പള്ളിയിലും തീ തെളിയിച്ച് മേല്‍ശാന്തി സഹ മേല്‍ശാന്തിക്ക് കൈമാറുകയും ചെയ്തു. ഉച്ചപൂജക്ക് ശേഷം 2.30നാണ് പൊങ്കാല നിവേദ്യം.വൈകീട്ട് 6.45ന് ദീപാരാധനക്കു ശേഷം രാത്രി 7.45ന് കുത്തിയോട്ട ചൂരല്‍ക്കുത്ത് നടക്കും. രാത്രി 11.15ന് ദേവി പുറത്തെഴുന്നള്ളും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് നടക്കുന്ന എഴുന്നള്ളത്തിന് 983 കുത്തിയോട്ട ബാലന്മാര്‍ അകമ്പടി സേവിക്കും. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകും. പൊലീസ് സായുധ സേനയുടെ അകമ്പടിയും ഉണ്ടാകും.ബാലികമാരുടെ താലപ്പൊലി നേര്‍ച്ചയും ശനിയാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തിലെത്തും. ഉച്ചയോടെ എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തില്‍ പ്രവേശിക്കും. രാത്രി നടക്കുന്ന കാപ്പഴിക്കല്‍, കുരുതിതര്‍പ്പണം ചടങ്ങുകളോടെ 10 നാള്‍ നീണ്ട പൊങ്കാല ഉത്സവത്തിന് സമാപനമാകും. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പൊങ്കാലക്കായി വലിയ ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെയും അഗ്‌നിശമനസേനയെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷയൊരുക്കി 4200 പൊലീസ്, ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ എ.കെ 47 തോക്കേന്തിയ വനിത കമന്‍ഡോകള്‍, കൂടാതെ ക്യുക് റെസ്‌പോണ്‍സ് ടീമുകള്‍, 65 സ്ഥലത്ത് സിസി ടി.വി നിരീക്ഷണം തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Related posts