ശബരിമല ഉന്നയിച്ച് വോട്ട് ചോദിച്ചു; ബിജെപി പ്രവര്‍ത്തകരെ ‘വിരട്ടി’ വോട്ടര്‍; വീഡിയോ


തിരുവനന്തപുരം മണ്ഡലം ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ്. ഇവിടെ ഏറെ പ്രതീക്ഷകളോടെ വോട്ട് ചോദിച്ചിറങ്ങിയ ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് വോട്ടര്‍മാര് രംഗത്തെത്തുന്നതെന്ന മുഖവുയോടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ’ എന്ന ചോദ്യവുമായാണ് വോട്ട് ചോദിക്കാനെത്തിയ പ്രവര്‍ത്തകര്‍ തുടങ്ങുന്നത്. ഹിന്ദുക്കളെ എങ്ങനെയാണ് ദ്രോഹിച്ചതെന്നായി വീട്ടുകാരന്റെ ചോദ്യം. ശബരിമലയിലെ ആചാരം എന്നു പറഞ്ഞു തുടങ്ങിയ പ്രവര്‍ത്തകനോട് ശബരിമലയിലെ ആചാരം മാത്രം സംരക്ഷിച്ചാല്‍ മതിയോ എന്നാണ് വോട്ടറുടെ മറുചോദ്യം.
തുടര്‍ന്ന് വോട്ടര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിച്ച നടപടിയില്‍ ബിജെപിക്കാര്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ രാജാവിന്റെ കാലത്തുള്ള ആചാരം സംരക്ഷിക്കപ്പെട്ടോ എന്ന് നിങ്ങള്‍ അന്വേഷിച്ചോ എന്ന് വോട്ടര്‍മാര്‍ ചോദിച്ചു. വിമാനത്താവളത്തിന്റെ അകത്തുകൂടിയല്ലേ പത്മനാഭ ക്ഷേത്രത്തിലെ ആറാട്ട് പോകുന്നത്. അപ്പോള്‍ ആ ആചാരം നിങ്ങള്‍ക്ക് സംരക്ഷിക്കേണ്ടെ എന്നും വോട്ടര്‍ ബിജെപി പ്രവര്‍ത്തകരോട് ചോദിച്ചു.
വിമാനത്താവളം അദാനിക്ക് കൊടുത്തിട്ടില്ലെന്ന് ബി,ജെ.പി പ്രവര്‍ത്തകര്‍ പറയുമ്പോള്‍, പിന്നേ ഞങ്ങള്‍ ഈ ലോകത്തൊന്നും അല്ലാലോ ജീവിക്കുന്നത്. നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ ഇരിക്കുവല്ലേ എന്ന് വോട്ടര്‍ മറുപടി പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം ലേലം വിളിക്കാന്‍ ഉണ്ടായിരുന്നല്ലോ എന്ന് ബിജെപിക്കാരന്‍ പറയുമ്പോള്‍, എന്തൊക്കെയാണ് ലേലത്തിന്റെ മാനദണ്ഡങ്ങള്‍ എന്ന് വേട്ടര്‍ തിരിച്ചു ചോദിക്കുന്നു. ഈ ചോദ്യത്തിന് പ്രവര്‍ത്തകര്‍ക്ക് ഉത്തരം മുട്ടുന്നുണ്ട്.
ശബരിമലയിലെ വിഷയത്തില്‍ ബിജെപി ആദ്യം പറഞ്ഞിരുന്നത് വിധി സ്വാഗതം ചെയ്യുന്നു എന്നായിരുന്നു. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ സ്ത്രീകളും കയറണം എന്നും പറഞ്ഞു. സര്‍ക്കാര്‍ മുന്‍കൈ എടുത്തപ്പോള്‍ നിങ്ങള്‍ എതിരു പറഞ്ഞു. കുമ്മനം രാജശേഖരനു വേണ്ടി തെരഞ്ഞെടുപ്പിന് ആയുധമായി ശബരിമല എടുക്കുന്നുവെന്ന് നിങ്ങള്‍ക്ക് കാമറയ്ക്ക് മുന്നില്‍ പറയാന്‍ പറ്റുമോ എന്നും വോട്ടര്‍ ചോദിക്കുന്നു.
പിറവം പള്ളിയില്‍ പോയി സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപിക്കാര്‍ ചോദിക്കുമ്പോള്‍ പിറവം പള്ളി സര്‍ക്കാരിന്റെ വകയല്ലെന്നും ശബരിമല വിഷയം പറയുമ്പോള്‍ എന്തിന് പള്ളിത്തര്‍ക്കം പറയുന്നുവെന്നും വോട്ടര്‍ ചോദിക്കുന്നുണ്ട്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts