ഏഷ്യാകപ്പില്‍ വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം

Asia-cup-2018-Pak-vs-India

ദുബായ്: കളിക്കാര്‍ക്കും കാണികള്‍ക്കും നെഞ്ചിടിപ്പുയരുന്ന മറ്റൊരു സൂപ്പര്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ഇന്ത്യ ഇന്നു പാക്കിസ്ഥാനെ നേരിടുന്നു. ഇരുകൂട്ടരും ജയത്തില്‍ കുറഞ്ഞൊന്നും കൊതിക്കാത്ത മത്സരം. മൂന്നു ദിവസം മുന്‍പ് പ്രാഥമിക റൗണ്ടിലെ എട്ടു വിക്കറ്റ് പരാജയത്തിനു കണക്കു തീര്‍ക്കാനൊരുങ്ങി പാക്കിസ്ഥാന്‍. എതിരാളി പാക്കിസ്ഥാനാകുമ്പോള്‍ വര്‍ധിതവീര്യത്തോടെ കളിക്കുന്ന ഇന്ത്യ ഫൈനല്‍ ഉറപ്പാക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നു. കളിമികവിനേക്കാള്‍ വൈകാരിക മാനങ്ങളുള്ള മത്സരത്തില്‍ ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ആദ്യ മത്സരത്തില്‍ കാണാതിരുന്ന ആവേശപ്പോരാട്ടം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാണികളും.

കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിര അല്‍പമൊന്നു പതറിയെങ്കിലും അടുത്ത രണ്ടു മത്സരങ്ങളിലും ഇന്ത്യ ചാംപ്യന്‍ ടീമിന്റെ പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ ഫോമില്‍. സഹ ഓപ്പണര്‍ ശിഖര്‍ ധവാനും അനായാസം റണ്‍സ് നേടുന്നു. അംബാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി ബാറ്റുചെയ്യാന്‍ അവസരം ലഭിച്ചവരെല്ലാം തിളങ്ങി. ഇന്ത്യയ്ക്കു വെല്ലുവിളി ഉയര്‍ത്താനാവുന്ന സ്‌കോര്‍ ഇതുവരെ എതിരാളികള്‍ക്കു നേടാനായിട്ടില്ല. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര എതിരാളികളെ അമ്പരപ്പിക്കുന്നു. ബോളിങ്ങില്‍ ഭുവനേശ്വറും ബുമ്രയും മികച്ച തുടക്കം നല്‍കുന്നു. പാക്കിസ്ഥാനെതിരെ സ്പിന്‍ മികവില്‍ കേദാര്‍ ജാദവും ബംഗ്ലദേശിനെതിരെ രവീന്ദ്ര ജഡേജയും വിക്കറ്റുകള്‍ വാരി. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും എതിരാളികള്‍ക്കു പഴുതു നല്‍കുന്നില്ല. ടീമിലേക്കു തിരിച്ചെത്തിയ ജഡേജ ബാറ്റിങ് കരുത്തു കാണിക്കാന്‍ അവസരം പാര്‍ക്കുന്നു.

സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെതിരെ കഷ്ടിച്ചു രക്ഷപ്പെട്ട പാക്കിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തി എല്ലാം മറക്കാന്‍ കൊതിച്ചിറങ്ങുകയാണ്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത സെഞ്ചുറി ഓര്‍മയില്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ ഫോം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ഏഷ്യാ കപ്പിലെ കഴിഞ്ഞ കളികളിലെല്ലാം പാക്ക് ബാറ്റിങ് നിര സ്വതസിദ്ധമായ ഫോമിലേക്കുയര്‍ന്നില്ല. പരിചയസമ്പന്നനായ ശുഐബ് മാലിക്കിന്റെ ബാറ്റിങ്ങാണ് ഇന്ത്യയ്‌ക്കെതിരെ വന്‍തകര്‍ച്ചയില്‍ നിന്നു കരകയറ്റിയതും അഫ്ഗാനെതിരെ ജയം സാധ്യമാക്കിയതും. ബാബര്‍ അസം, ഇമാം ഉല്‍ ഹഖ് എന്നിവര്‍ അഫ്ഗാനെതിരായ മത്സരത്തില്‍ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചന നല്‍കി. ഫാസ്റ്റ് ബോളിങ് കരുത്തില്‍ എതിരാളികളെ വിറപ്പിച്ചിരുന്ന പാക്കിസ്ഥാന്റെ ബോളിങ്‌നിര മികച്ച ഫോമിലല്ല. വിക്കറ്റ് നേടാന്‍ മുഹമ്മദ് ആമിര്‍ വിഷമിക്കുന്നു. ഹസന്‍ അലിയും ഉസ്മാന്‍ ഖാനും വമ്പു പറഞ്ഞത് കളത്തില്‍ കാട്ടാനായിട്ടില്ല. ഷഡബ് ഖാന്റെ സ്പിന്‍ ഏഷ്യയിലെ എതിരാളികള്‍ക്ക് പ്രശ്‌നമാകുന്നില്ല.

share this post on...

Related posts