പ്രതിസന്ധി രൂക്ഷം; അശോക് ലെയ്‌ലാന്‍ഡ് പ്ലാന്റ് പൂട്ടി

വാഹനവിപണിയിലെ കനത്ത പ്രതിസന്ധിക്കിടെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്റ് അഞ്ച് ദിവസത്തേക്ക് അടച്ചു. പുതുതായി അഞ്ച് ദിവസങ്ങള്‍ പ്ലാന്റില്‍ യാതൊരു പ്രവര്‍ത്തനവും നടക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച അവധി കൂടാതെയാണ് കമ്പനി അഞ്ചു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി സെപ്റ്റംബര്‍ 11 വരെ കമ്പനി പ്രവര്‍ത്തിക്കില്ല. അതേസമയം ഈ അഞ്ച് ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് എത്ര രൂപ വേതനം നല്‍കണമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നാണ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്. ചരക്കുവാഹനങ്ങളുടെ വിപണിയിലുണ്ടായിരിക്കുന്ന വലിയ തളര്‍ച്ചയാണ് ഇതിന് കാരണമായതെന്നാണ് വിവരം. രാജ്യത്താകമാനം വാഹന വിപണിയില്‍ വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയിലെ ട്രക്ക് വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. വില്‍പ്പനയില്‍ രണ്ടാംസ്ഥാനത്തുള്ള അശോക് ലെയ്‌ലാന്‍ഡിന് 70 ശതമാനം കുറവുണ്ടായെന്നാണ് കമ്പനി റിപ്പോര്‍ട്ട്. 2018 ആഗസ്റ്റില്‍ അശോക് ലെയ്‌ലാന്‍ഡിന്റെ വില്‍പ്പന 11, 135 യൂണിറ്റുകളായിരുന്നെങ്കില്‍ ഈ വര്‍ഷം ആഗസ്റ്റില്‍ അത് 3,336 യൂണിറ്റുകളായി കുറഞ്ഞു.

share this post on...

Related posts