അർജുൻ ആയങ്കി അറസ്റ്റിൽ

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനു ഹാജരായ ഇയാളുടെ അറസ്റ്റ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രേഖപ്പെടുത്തിയത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ നിർണായക പങ്കു വഹിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇയാളിൽ നിന്നു നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു. അർജുൻ ആയങ്കിക്ക് സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്നും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും രാവിലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കസ്റ്റംസ് സൂചന നൽകിയിരുന്നു. കണ്ണൂര്‍ സംഘത്തിലെ പ്രധാനിയായ അര്‍ജുന്‍ ആയങ്കി ഇന്നലെ രാവിലെ പതിനൊന്നിനാണ് കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ഹാജരായത്. അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്നും സ്വർ‌ണക്കടത്തുമായി ബന്ധമില്ലെന്നും അഭിഭാഷകർ പറഞ്ഞു. ഉച്ചകഴിഞ്ഞാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. നാലു മണിക്കൂറോളം ഇയാളുടെ മൊഴി രേഖപ്പെടുത്തി. സ്വർണക്കടത്തിൽ ഇന്നലെ കസ്റ്റഡിയിൽ കിട്ടിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കിനൊപ്പം ഇരുത്തി ഇന്നു വീണ്ടും ചോദ്യം ചെയ്തേക്കും.
രണ്ടരക്കിലോ സ്വര്‍ണവുമായി പിടിയിലായ മുഹമ്മദ് ഷെഫീക്കിന്‍റെ മൊഴിയില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കിയുടെ പങ്കാളിത്തം ആദ്യം പുറത്തായത്. സ്വര്‍ണം അര്‍ജുന് കൈമാറാനായിരുന്നുവെന്ന് ഷെഫീക്കിന്‍റെ മൊഴിയിൽ നിന്നു വ്യക്തമായിരുന്നു. ഇതിന്‍റെ പ്രതിഫലമായി തനിക്കു നാല്‍പതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ഷെഫീഖിന്‍റെ മൊഴിയിൽ പറയുന്നു. ഷെഫീഖാണ് പണവുമായി കരിപ്പൂരില്‍ എത്തിയത്. ഇയാളെ കസ്റ്റഡിയില്‍ കിട്ടാനായി കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ആയങ്കിയെ കസ്റ്റഡിയില്‍ എടുത്തുവെന്ന് കസ്റ്റംസ് വ്യക്തമാക്കിയത്.


ഷെഫീഖിന് ആയങ്കി അയച്ച സന്ദേശങ്ങളും കസ്റ്റംസിന്‍റെ കൈവശമുണ്ട്. ഈ സാഹചര്യത്തിലാണ് ആയങ്കിയേയും കേസില്‍ പ്രതിയാക്കിയത്. ഭയക്കരുതെന്നും താന്‍ രക്ഷപ്പെടുത്താമെന്നും ആയങ്കി അറസ്റ്റിലായ ഷെഫീഖിനെ ഉപദേശിച്ചിരുന്നു. കൊടി സുനിയുടെ അടുത്തയാളാണ് ആയങ്കി എന്നാണ് വിലയിരുത്തൽ. ആകാശ് തില്ലങ്കേരിയുമായും അടുപ്പമുണ്ട്. ഇവരിലേക്ക് അന്വേഷണം കൊണ്ടു പോകാനാണ് കസ്റ്റംസ് തീരുമാനം. ആയങ്കിയ്‌ക്കെതിരെ നിരവധി തെളിവ് കിട്ടിയിട്ടുണ്ട്. ഇനി ആയങ്കിയുടെ മൊഴിയാകും നിര്‍ണ്ണായകം.
രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണകടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ അന്നേ ദിവസം എത്തിയിരുന്നു. സംഭവദിവസം അര്‍ജുന്‍ ആയങ്കിയും കരിപ്പൂരില്‍ എത്തിയതിനു തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച്‌ കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
അര്‍ജുന്‍ ആയങ്കി സിപിഎം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പഴയ ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ഡിവൈഎഫ്‌ഐയില്‍ നിന്ന് അര്‍ജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ ബുധനാഴ്ച കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസിന്‍റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. അതിനിടെ മുഹമ്മദ് ഷെഫീക്കിനെ കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടു.

Related posts