അടയ്ക്കാ കൃഷി ഇനി ഏറെ ലാഭകരം

ഒരു കാലത്ത് കേരളത്തില്‍ എവിടെ നോക്കിയാലും കാണാവുന്ന ഒരു വിളയായിരുന്നു അടയ്ക്ക. എന്നാല്‍, ഇന്ന് പലയിടങ്ങളിലും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന അടയ്ക്കയ്ക്ക് അല്പം പരിചരണം നല്‍കിയാല്‍ നൂറ് മേനി വിളയിച്ച് പഴയ പ്രതാപം തിരിച്ചു പിടിക്കാവുന്നതേയുള്ളൂ. ഉഷ്ണമേഖല പ്രദേശത്താണ് സാധാരണയായി കവുങ്ങ് കൃഷി ചെയ്യുന്നത്. വര്‍ഷം മുഴുവനും നല്ല ജലാംശമുള്ള മണ്ണും മഴയും ആവശ്യമാണ്. വരള്‍ച്ച വളരെ പെട്ടെന്നു ബാധിക്കുന്നതിനാല്‍ മഴ കുറവുള്ള സ്ഥലങ്ങളില്‍ വേനല്‍ക്കാലത്തു നനയ്‌ക്കേണ്ടിവരും.

കൃഷിരീതി എങ്ങനെയാണ്

വെട്ടുകല്‍, ചെമ്മണ്ണ്, എക്കല്‍മണ്ണ് എന്നിവയാണ് കവുങ്ങ് കൃഷിയ്ക്ക് അനുയോജ്യം. ഒരു മീറ്റര്‍ താഴ്ചവരെയെങ്കിലും നല്ല മണ്ണുണ്ടായിരിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള സ്ഥലമായിരിക്കണം. അമ്ലത്വമുള്ള മണ്ണാണു വേണ്ടത്. ക്ഷാരസ്വഭാവമുള്ള മണ്ണ് പറ്റിയതല്ല. വിത്തിലൂടെ കൃഷി ചെയ്യുന്ന ഒരു വൃക്ഷ വിളയാകയാല്‍ കവുങ്ങിന്റെ തൈകള്‍ ഉണ്ടാക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തേ വിളവു തരുന്നതും കൂടുതല്‍ കായ് പിടിത്തമുള്ളതുമായ മരങ്ങളില്‍ നിന്നുവേണം വിത്തെടുക്കുവാന്‍. മരത്തിന്മേല്‍ അടുത്തടുത്ത് അരഞ്ഞാണ പാടുകളുള്ളതും തലപ്പില്‍ കൂടുതല്‍ ഇലകളുള്ളതും ചുരുങ്ങിയതു വര്‍ഷത്തില്‍ നാലു കുലകളെങ്കിലും തരുന്നതുമായ തായ്മരങ്ങളാണ് അഭികാമ്യം.

പരിചരണ രീതി

കവുങ്ങുമരത്തില്‍ തന്നെ നിന്നു നല്ലപോലെ മൂത്തു പഴുത്ത, നടുഭാഗത്തുള്ള കുലയിലെ, നടുഭാഗത്തുള്ള അടയ്ക്കയാണ് വിത്തിനായി എടുക്കേണ്ടത്. കൂടുതല്‍ തൂക്കമുള്ള വിത്ത് കൂടുതല്‍ അങ്കുരണശേഷിയും നല്ല കരുത്തുമുള്ള തൈകള്‍ തരുന്നു. വെള്ളത്തിലിടുമ്പോള്‍ തൊപ്പി നേരേ കുത്തനെ മുകളില്‍ വരത്തക്കവിധം പൊങ്ങിക്കിടക്കുന്ന വിത്തടയ്ക്കകള്‍ നല്ലതാണ്. വിളവെടുത്ത ഉടനെ തന്നെ, തണലില്‍ തയ്യാറാക്കിയ വാരങ്ങളില്‍ ഞെട്ട് (തൊപ്പി) മുകളില്‍ വരത്തക്കവിധം കുത്തനെ വിത്തടയ്ക്കകള്‍ 58 സെ.മീ. അകലത്തില്‍ പാകണം. ഇങ്ങനെ പാകിയ അടയ്ക്ക മണല്‍ കൊണ്ടു മൂടി ദിവസേന നനയ്ക്കണം. വിത്തുപാകി 45 ദിവസത്തോടെ അവ മുളയ്ക്കാന്‍ തുടങ്ങുകയും അതു മൂന്നുമാസം വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൊണ്ണൂറു ദിവസം പ്രായമായാല്‍ തൈകള്‍ പറിച്ചെടുത്ത് രണ്ടാം തവാരണയില്‍ നടാം. സൗകര്യംപോലെ നീളവും 150 സെ.മീ. വീതിയുമുള്ള വാരങ്ങള്‍ ഉണ്ടാക്കിയാണ് രണ്ടാം തവാരണ തയാറാക്കുന്നത്. ഇതില്‍ ഹെക്ടറിന് 5 ടണ്‍ എന്ന തോതില്‍ കാലിവളം ചേര്‍ക്കണം. വാഴ നട്ടോ, കോവല്‍ പടര്‍ത്തിയോ പന്തല്‍ നിര്‍മിച്ചോ തണല്‍ നല്‍കാവുന്നതാണ്. വാഴയാണു നടുന്നതെങ്കില്‍ നേരത്തെതന്നെ നടേണ്ടതാണ്. ചൂടും ഉണക്കും ഉള്ള കാലങ്ങളില്‍ തവാരണ നനച്ചു കൊടുക്കണം. ഇടയ്ക്കിടെ കളപറിക്കലും പുതയിടലും നടത്തണം. ഇടയ്ക്കിടെ വള പ്രയോഗവും നടത്തണം

share this post on...

Related posts