അനൂപ് മേനോന്റെ പദ്മയിലെ ഗാനം, വീഡിയോ പുറത്തുവിട്ടു

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പദ്മ’. ‘പദ്മ’യിലെ ‘പവിഴ മന്ദാര’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. അനൂപ് മേനോന്റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തില്‍ നായകന്‍

സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗയിരുന്നു.

നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസര്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ തന്നെ നിര്‍മിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.

മഹാദേവന്‍ തമ്പി ഛായാഗ്രഹണവും സിയാന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം ദുന്‍ദു രഞ്ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ ‘കിംഗ് ഫിഷ്’ ആണ് ആദ്യ ചിത്രം. ടെക്‌സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല.

Related posts