ഇനി അതെല്ലാം വഴിയരികിൽ അന്തിയുറങ്ങുന്നവർക്ക്!

ഒരു പുതിയ സിനിമ, പുതിയ സംവിധായകൻ, പുതിയ നിർമ്മാതാവ്, പുതിയ അഭിനേതാക്കൾ, പുതിയ അണിയറപ്രവർത്തകർ എന്നിവർ ഒരുമിച്ച സിനിമയുടെ ഷൂട്ടിംഗിന് ശേഷം സിനിമക്ക് വേണ്ടി വാങ്ങിച്ച വസ്ത്രങ്ങൾ, ചെരുപ്പുകൾ, ബെൽറ്റ്, പുതപ്പ്, ഇവയൊക്കെ ഇവർ എന്താണ് ചെയ്യുക? ചിലതൊക്കെ അടുത്ത പ്രോജെക്ടിനായി ഉപയോഗിക്കും. എന്നാൽ ഷൂട്ടിന് ശേഷം ഇത്തരത്തിൽ ഉപയോഗപ്രദമായ വസ്ത്രങ്ങളും ചെരുപ്പുകളും ഒക്കെ മറ്റുള്ളവർക്ക് ഒരു കൈത്താങ്ങ് ആയി മാറ്റാം എന്ന് തെളിയിച്ചിരിക്കുകയാണ് മാരത്തോൺ’ എന്ന സിനിമയുടെ സംവിധായകൻ അർജുൻ അജിത്തും സുഹൃത്തുക്കളും.

അതായത് മാരത്തോൺ സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം വാടകയ്ക്ക് എടുത്തവ ഒഴികെ ബാക്കി വന്ന സാധനങ്ങൾ ഒക്കെ ഇടപ്പള്ളി മുതൽ കുണ്ടന്നൂർ വരെയുള്ള വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് നൽകിയതിൻ്റെ സന്തോഷത്തിൽ ആണ് ടീം മാരത്തോൺ. സംവിധായകൻ അർജുൻ അജിത്ത് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തങ്ങളുടെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. കൂട്ടത്തിൽ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല വലത് കൈ കൊണ്ട് കൊടുത്ത ദാനം ഇടതു കൈ അറിയാൻ പാടില്ല എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പിൽ എങ്ങനെയാണ് തങ്ങൾ ഇത്തരത്തിൽ മറ്റുള്ളവർക്ക് പ്രയോജനമായ തരത്തിൽ ഉപയോഗിക്കാം എന്ന് എത്തിച്ചേർന്നത് എന്നും വിശദീകരിക്കുന്നുണ്ട്.

arjun

കൂടാതെ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചവ അലക്കി തേക്കാനും സാധനങ്ങൾ സാനിടൈസ് ചെയ്യാനും പെട്രോൾ അടിക്കാനും ഒക്കെയുള്ള പൈസ തന്നുകൂടെ നിന്ന നിർമ്മാതാവ് മനോജ് പെരിന്തൽമണ്ണയോടും നന്ദി അറിയിച്ചിരിക്കുകയുമാണ് സംവിധായകൻ. ഒപ്പം തങ്ങളുടെ കൊച്ചു സിനിമയുടെ സാധനങ്ങൾ ഇത്രയും പേർക്ക് ഉപകാരപെട്ടെങ്കിൽ വലിയ സിനിമകളുടെ സാധനങ്ങൾ എത്ര പേർക്ക് ഉപകാരപ്പെടുമെന്നും അതിലുപരി ലഭിക്കുന്നവരുടെ ആ സമയത്തെ അവരുടെ സന്തോഷം കാണുമ്പോൾ കിട്ടുന്ന അനുഭവമൊക്കെ വലുതാണെന്നും ഇത്രയും ആളുകളിൽ ഒരു പത്തുപേര് മനസ്സറിഞ്ഞു ഞങ്ങൾക്ക് വേണ്ടി നല്ലത് വരണമേ എന്ന് പ്രാർത്ഥിച്ചാൽ ചിലപ്പോൾ ഞങളുടെ കൊച്ചുസിനിമ രക്ഷപ്പെടുമെന്നും അർജുൻ കുറിച്ചിരിക്കുകയാണ്.

Related posts