ഷെയ്ന്‍ നിഗമിന്റെ വിലക്ക്; ചര്‍ച്ചയ്ക്ക് തയ്യാറായി ‘അമ്മ’

ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കാന്‍ താരസംഘടനയായ അമ്മ ഇടപെടും. നിര്‍മാതാക്കളുടെ സംഘടനയുമായി അമ്മ അടുത്ത ദിവസം ചര്‍ച്ച നടത്തിയേക്കും. നിര്‍ത്തിവെച്ച സിനിമകള്‍ പുനരാരംഭിക്കാന്‍ സാധ്യത തേടിയാണ് ചര്‍ച്ച. സിനിമകളുടെ ഷൂട്ടിങ് പുനരാരംഭിക്കാനുള്ള എല്ലാ സഹായ സഹകരണങ്ങളും ഷെയ്ന്‍ നിഗം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന അടിസ്ഥാനത്തിലാണ് അമ്മ നിര്‍മാതാക്കളുടെ സംഘടനയെ സമീപിക്കുക. ഷെയ്‌നിന്റെ അമ്മയും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന് ഇക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചു കഴിഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് അവര്‍ സംഘടനയോട് ആവശ്യപ്പെട്ടു. ഷെയ്‌നിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്നാണ് മോഹന്‍ലാലിന്റെയും നിലപാട് എന്നാണ് സൂചനകള്‍. ഇതെല്ലാം കണക്കിലെടുത്താണ് പ്രശ്‌നത്തില്‍ ഒരിക്കല്‍കൂടി ഇടപെടാന്‍ അമ്മ സംഘടനയും ഇടവേള ബാബുവും തീരുമാനിച്ചിരിക്കുന്നത്.

പ്രശ്‌നം തീര്‍പ്പാക്കാന്‍ വ്യാഴാഴ്ച്ച നിര്‍മാതാക്കളുടെ സംഘടനയുമായി അമ്മ യോഗം ചേരും. വളര്‍ന്നു വരുന്ന യുവനടന്‍ എന്ന നിലയില്‍ ഷെയ്‌നിനെ മലയാള സിനിമയില്‍ നിന്നും പാടെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് സംഘടനയിലെ വിവിധ നടീനടന്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യം സംഘടനയുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഷെയ്ന്‍ നിഗമിന്റെ പിതാവ് അബിയോടുള്ള സ്‌നേഹവും അമ്മ പ്രവര്‍ത്തകര്‍ക്കുണ്ട്. ഇനി ഷെയ്ന്‍ നിഗം ചിത്രങ്ങളുമായി പൂര്‍ണമായും സഹകരിക്കുമെന്ന ഉറപ്പും അമ്മ നല്‍കും.

അതേസമയം ഇതുമായി ബന്ധപ്പെട്ട് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് മറ്റൊരു കത്ത് അയച്ചിരുന്നു. വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് ഫെഫ്കയ്ക്ക് നല്‍കിയ കത്തിലെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അത്. തന്റെ കന്നിച്ചിത്രം മുടങ്ങിപ്പോകുന്നതിന്റെ വിഷമമാണ് ശരത് കത്തിലൂടെ അറിയിച്ചിരുന്നത്. ഷൂട്ടിങ് പാതി ഉപേക്ഷിച്ചതോടെ കോടികളുടെ നഷ്ടം വന്ന അവസ്ഥയില്‍ നിര്‍മാതാക്കള്‍ അസ്വസ്ഥരായിരുന്നു. ഷെയ്‌നിനെ വിലക്കിയതിനു പിന്നാലെ ഫെഫ്കയും സമ്മര്‍ദ്ദത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഷെയ്‌നുമായി സഹകരിച്ച് നിര്‍മാതാക്കളഉടെ സംഘടനയുമായി സമവായച്ചര്‍ച്ച നടത്താമെന്ന് അമ്മ തീരുമാനിച്ചിരിക്കുന്നത്.

 

share this post on...

Related posts