അമര്‍ സിങ്: പണവും ഗ്ലാമറും; പാര്‍ട്ടിയില്‍ ‘അന്യന്‍’, വിടവാങ്ങിയത് ഡല്‍ഹിയിലെ കരുത്തന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൊളിറ്റിക്ക് കിങ് മേക്കര്‍ വിടവാങ്ങിയിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തോളം അമര്‍ സിങ് തലസ്ഥാനത്തെ സമാജ്വാദി പാര്‍ട്ടിയുടെ രാഷ്ട്രീയ മുഖമായിരുന്നു. ജയപ്രദയ്‌ക്കൊപ്പം 2010ലാണ് അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്. ആറുവര്‍ഷത്തിനുശേഷം തിരിച്ചുവന്ന അമര്‍ സിങ്ങിനു ജനറല്‍ സെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടി. കഴിഞ്ഞവര്‍ഷം രാജ്യസഭാ സീറ്റും നല്‍കിയതോടെ പാര്‍ട്ടിക്കകത്തെ അമര്‍ സിങ് വിരോധികള്‍ അഖിലേഷിന്റെ നേതൃത്വത്തില്‍ ഒരുമിക്കുകയായിരുന്നു.
എസ്പിയില്‍നിന്നു പുറത്തായശേഷം 2011ല്‍ രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ അമര്‍ സിങ് 2012ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിച്ചു. ഒരാളും ജയിച്ചില്ല. പിന്നീട് രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫത്തേപൂരില്‍നിന്നു മത്സരിച്ചെങ്കിലും തോറ്റു. ഡല്‍ഹിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുഖമായിരുന്ന കാലത്ത് ഒട്ടേറെ പ്രമുഖ വ്യവസായികളെ മുലായം സിങ് കുടുംബവുമായി അടുപ്പിച്ചത് അമര്‍ സിങ്ങാണ്.
1996ല്‍ യുപി മുഖ്യമന്ത്രി വീര്‍ ബഹാദൂറിന്റെ വസതിയില്‍ വച്ചാണു മുലായം സിങ്ങുമായി അമര്‍ സിങ് ആദ്യം കൂടിക്കാഴ്ച നടത്തുന്നത്. തുടര്‍ന്ന് എസ്പിയില്‍ ചേര്‍ന്ന സിങ് മുലായത്തിന്റെ വിശ്വസ്തനായി. ഇംഗ്ലിഷ് വിരോധിയും പ്രാദേശികനേതാവുമായി കഴിഞ്ഞിരുന്ന മുലായത്തിനു ദേശീയ രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടാക്കിക്കൊടുത്തതിനു പിന്നില്‍ അമര്‍ സിങ്ങിന്റെ രാഷ്ട്രീയതന്ത്രങ്ങളാണെന്നാണു വിലയിരുത്തല്‍. പിന്നാമ്പുറ കളികളില്‍ സമര്‍ഥനായ അമര്‍ സിങ് 2008ല്‍ വിശ്വാസവോട്ടില്‍ യുപിഎ സര്‍ക്കാരിന് അനുകൂലമായി നിലപാടെടുക്കാന്‍ ബിജെപി എംപിമാര്‍ക്കു കോഴ നല്‍കിയെന്ന വിവാദത്തിലും പെട്ടു.
അമര്‍ സിങ്ങിന്റെ മടങ്ങിവരവിനുശേഷം അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ യുപി മന്ത്രി അസം ഖാനും മുതിര്‍ന്ന നേതാക്കളായ രാം ഗോപാല്‍ യാദവും നരേശ് അഗര്‍വാളും പരസ്യമായി എതിര്‍ത്തു. എസ്പിയില്‍നിന്നു പുറത്താക്കപ്പെട്ട കാലത്ത് അമര്‍ സിങ് മുലായത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. മുലായത്തിന്റെ തനിനിറം പുറത്താക്കുമെന്നു ഭീഷണിയും മുഴക്കി. എന്നിട്ടും അദ്ദേഹം തിരിച്ചെത്തി മുലായത്തിനു പ്രിയപ്പെട്ടവനായി തുടര്‍ന്നു. അമര്‍ സിങ്ങിന്റെ വിടവാങ്ങാല്‍ ഡല്‍ഹി രാഷ്ട്രീയത്തിനും യുപിയ്ക്കും വലിയ തിരിച്ചടിയാണ്.

Related posts