അഗ്നിപഥ് പദ്ധതി: സ്വന്തം സായുധ കേഡര്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത ബാനര്‍ജി

Agnipath BJPs lollipop Mamata

അഗ്നിപഥ് പദ്ധതിയില്‍ ബിജെപിക്കെതിരെ ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡര്‍ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സൈന്യം നല്‍കുന്ന പരിശീലനമല്ല, ആയുധ പരിശീലനമാണ് അവര്‍ക്ക് നല്‍കുന്നതെന്നും മമത കുറ്റപ്പെടുത്തി .

അതേസമയം, അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ പുകയുന്നതിനിടെ അഗ്നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.

പത്താം ക്ലാസ് പാസായവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പ്ലസ് ടു പാസായവര്‍ക്ക് ഡിപ്ലോമ നല്കുമെന്നും അനില്‍ പുരി അറിയിച്ചു. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഇവ പ്രധാന വിഷയമായി ഉണ്ടാകും. പ്രത്യേക വാഹനങ്ങളും ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമായി പഠിപ്പിക്കും. അഗ്നിവീര്‍ ആദ്യ ബാച്ചിന് നിശ്ചിത ഉയര്‍ന്ന പ്രായപരിധിക്കപ്പുറം 5 വര്‍ഷത്തേക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

എല്ലാ 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും കോസ്റ്റ് ഗാര്‍ഡിലും പ്രതിരോധ സിവിലിയന്‍ പോസ്റ്റുകളിലും അഗ്നിവീറിന് 10 ശതമാനം ക്വാട്ട പ്രഖ്യാപിച്ചിട്ടുണ്ട്. വിമുക്തഭടന്മാര്‍ക്കുള്ള നിലവിലെ സംവരണത്തിന് പുറമേയാണിത്.

ആദ്യ വര്‍ഷം 32,000 രൂപയും രണ്ടാം വര്‍ഷം 33,000 രൂപയുമാണ് പ്രതിഫലം ലഭിക്കുന്നത്. മൂന്നാം വര്‍ഷം 36,500 രൂപയും നാലാം വര്‍ഷം 40,000 രൂപയും പ്രതിഫലമായി ലഭിക്കും. അതേസമയം വിരമിച്ച ശേഷം വിമുക്ത ഭടന്മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകില്ല. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.

story: Agnipath BJP’s “lollipop” to youths for making “thugs, cadres”: Mamata

Related posts