വൈകുന്നേരം ചൂട് ചായക്കൊപ്പം ചൂട് ബോണ്ട ആയാലോ

വൈകുന്നേരം ചൂട് ചായക്കൊപ്പം ചൂട് ബോണ്ട ആയാലോ? എങ്കിൽ ആവശ്യമുള്ള എന്തൊക്കെയെന്ന് നോക്കാം. 2 കപ്പ് കടലമാവ്,തിളപ്പിച്ച ഉരുളക്കിഴങ്ങ് നാലെണ്ണം, അരിമാവ് 3 ടീസ്പൂൺ,ആവശ്യത്തിന് ഉപ്പ്, കടുക് ഒരു ടീസ്പൂൺ, അരിഞ്ഞ പച്ച മുളക് 7 എണ്ണം, മല്ലിയില 2 കൈപ്പിടി അരിഞ്ഞത്, മഞ്ഞൾ ആവശ്യത്തിന്, മുളകുപൊടി ആവശ്യത്തിന്, ആവശ്യത്തിന് വെള്ളം, 1/2 കഷ്ണം നാരങ്ങ, ആവശ്യത്തിന് പെരുങ്കായം,2 ടീസ്പൂൺ ശുദ്ധീകരിച്ച എണ്ണ. നന്നായി പുഴുങ്ങി എടുത്ത ഉരുളക്കിഴങ്ങ് ഒരു പാത്രത്തിലെടുക്കുക. ഒരു പാനിൽ എണ്ണ ചേർത്ത് ചൂടാക്കിയ ശേഷം ഇനി കായം, കടുക്, പച്ചമുളക്, ഉപ്പ് എന്നിവ ചേർക്കുക. ചേരുവകൾ രണ്ട് മിനിറ്റ് നേരമെങ്കിലും നന്നായി വഴറ്റി കൊണ്ടിരിക്കുക. തുടർന്ന് ചേരുവകളെല്ലാം ഉരുളക്കിഴങ്ങ് ഉടച്ചു വച്ചിരിക്കുന്ന പാത്രത്തിലേക്ക് ചേർത്തുകൊടുക്കാം. ഇനി ആവശ്യത്തിന് മഞ്ഞൾപൊടിയും അരിഞ്ഞ മല്ലിയിലയും ചേർത്തുകൊണ്ട് മിക്സ് ചെയ്യാൻ ആരംഭിക്കാം. നന്നായി മിക്സ് ചെയ്യുന്നതിനിടയിൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കണം.

എല്ലാ ചേരുവകളും നന്നായി ഇളക്കിക്കൊണ്ടിരിക്കുക. മറ്റൊരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, ഒരു ടീസ്പൂൺ ഉപ്പ്, ഒരു നുള്ള് മഞ്ഞൾ, ഒരു നുള്ള് മുളകുപൊടി എന്നിവയെടുത്ത് മിക്സ് ചെയ്യാം. ഇതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് 2 ടീസ്പൂൺ ചെറുചൂടുള്ള എണ്ണ ചേർക്കുന്നത് നല്ലതാണ്. ഇത് ബോണ്ടകളെ കൂടുതൽ ക്രിസ്പ്പിയാക്കി മാറ്റും. തുടർന്ന് ഒരു ചീനച്ചട്ടിയിൽ വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാക്കിയശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകൾ ആക്കിയ ഉരുളക്കിഴങ്ങ് കൂട്ട് ഈ മിശ്രിതത്തിൽ മുക്കി ചൂടുള്ള എണ്ണയിലേക്കിടാം. ബോണ്ടയുടെ നിറം ഏതാണ്ട് സ്വർണ്ണ നിറമാകുന്നതുവരെ ഇത് വറുത്തെടുക്കണം. വറുത്തുകോരിയ ബോണ്ടുകൾ ചൂടോടെ തന്നെ ഒരു പാത്രത്തിലേക്ക് മാറ്റി അല്പം ടൊമാറ്റോ സോസോ ചട്നിയോ കൂടെ ചേർത്ത് വിളമ്പാം.

Related posts