മൊബൈല്‍ ആപ്പുകള്‍ക്ക് പിന്നാലെ ചൈനയില്‍ നിന്നുള്ള ടിവികളും നിരോധിക്കാന്‍ ഇന്ത്യ…!

ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ലക്ഷ്യമിട്ട് ടിവി ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഭ്യന്തര ടെലിവിഷന്‍ ഉല്‍പ്പാദകരെ പ്രോത്സാഹിപ്പിക്കാനാണ് നടപടി എന്നാണ് വിശദീകരണം. ലഡാക്കിലെ ഗാല്‍വാന്‍ വാലിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. പിന്നീട് കൂടുതല്‍ ആപ്പുകള്‍ നിരോധിച്ചു. റെയില്‍വേയിലും ദേശീയപാതാ വികസനത്തിലുമടക്കം ചൈനീസ് കമ്പനികളുമായുള്ള കരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ടെണ്ടര്‍ നടപടികളില്‍ പങ്കാളികളാകുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ വിലക്കിയിരുന്നു. ചൈനയില്‍ നിന്ന് ടെലികോം സാമഗ്രികള്‍ വാങ്ങുന്നത് ടെലികോം വകുപ്പ് നിരോധിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നടപടി.
കളര്‍ ടിവി ഇറക്കുമതി സ്വതന്ത്ര വിഭാഗത്തില്‍ നിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിക്കൊണ്ട് ഡിജിഎഫ്ടി (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്) വിജ്ഞാപനം പുറത്തിറക്കി. ഇനി കളര്‍ ടി വി ഇറക്കുമതിക്ക് സര്‍ക്കാരില്‍ നിന്ന് ഇംപോര്‍ട്ട് ലൈസന്‍സ് വാങ്ങണം. ഇന്ത്യയിലേയ്ക്കുള്ള ടിവി ഇറക്കുമതിയില്‍ 36 ശതമാനവും ചൈനയില്‍ നിന്നും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടിട്ടുള്ളൊരു രാജ്യം വഴിയാണ് ചൈനീസ് ടി വി സെറ്റുകള്‍ നിയമവിരുദ്ധമായി രാജ്യത്തെത്തിയിരുന്നതെന്നും പുതിയ തീരുമാനത്തോടെ ഇത് അവസാനിപ്പിച്ചിരിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.


ചൈനയെ കൂടാതെ ലോകത്ത് ടിവി കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ വിയറ്റ്‌നാം, മലേഷ്യ, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ, ഇന്‍ഡോനേഷ്യ, തായ്‌ലാന്‍ഡ്, ജര്‍മ്മനി എന്നിവയാണ്. ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള സ്വതന്ത്രവ്യാപാര കരാര്‍ ദുരുപയോഗം ചെയ്ത് ചൈന അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളില്‍ പലതിനും ഇന്ത്യ ഇറക്കുമതി തീരുവ ചുമത്തുന്നില്ല. പല ഉല്‍പ്പന്നങ്ങള്‍ക്കും കുറഞ്ഞ തീരുവയാണ് ചുമത്തുന്നത്. ഇത്തരം ഇറക്കുമതികള്‍ ഇംപോര്‍ട്ട് ഡ്യൂട്ടി കൂട്ടിക്കൊണ്ട് തടയാനാകാത്തതിനാലാണ് ഇറക്കുമതി നിയന്ത്രണത്തിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.
2009ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം ബ്രൂണെ, കംബോഡിയ, ഇന്‍ഡോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാണ് ധാരണയുള്ളത്. മേക്ക് ഇന്‍ ഇന്ത്യ, ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികള്‍ പ്രകാരം ആഭ്യന്തര ഉല്‍പ്പാദന യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Related posts