അഗസ്ത്യാര്‍കൂടത്തിലേക്ക് വനിതകളുടെ പ്രവേശനം ആചാരലംഘനം, ആദിവാസി മഹാസഭ പ്രതിരോധിക്കും

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറുന്നത് തടയുമെന്ന് ആദിവാസി മഹാസഭ. ആദിവാസി മഹാസഭയുടെ കീഴിലുള്ള സ്ത്രീകളെ ഇറക്കി പ്രതിരോധിക്കാനാണ് നീക്കം. അഗസ്ത്യ മലയിലേക്ക് സ്ത്രീകള്‍ കയറുന്നത് ആചാര ലംഘനമാണെന്ന് ആദിവാസി മഹാസഭ ആരോപിച്ചു.

അഗസ്ത്യാര്‍കൂട യാത്ര തുടങ്ങുന്ന 14ന് ബോണക്കാട് സ്ത്രീകളുടെ പ്രതിഷേധ യജ്ഞം സംഘടിപ്പിക്കും. സ്ത്രീകള്‍ക്ക് യാത്രാനുമതി നല്‍കിയ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടാനും ആദിവാസി മഹാസഭ ആലോചിക്കുന്നുണ്ട്. നിരവധി സ്ത്രീകളാണ് അഗസ്ത്യാര്‍കൂട യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ വനംവകുപ്പിന് ഇവരെ തടയാനാകില്ല. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ കനത്ത സുരക്ഷ ഒരുക്കും. പ്രതിഷേധത്തിന്റെ പേരില്‍ പിന്‍മാറില്ലെന്ന് രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ വ്യക്തമാക്കി.
അഗസ്ത്യ മലയുടെ അടിവാരത്ത് 27 സെറ്റില്‍മെന്റുകളിലായി 1500 ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്നുണ്ട്. ഇവിടെയുള്ള സ്ത്രീകളാരും ഇതുവരെ അഗസ്ത്യ മലയില്‍ കയറിട്ടില്ല. അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ കാണി വിഭാഗക്കാരും രംഗത്ത് വന്നിരുന്നു.

സ്ത്രീകള്‍ക്ക് യാത്രാനുമതി ലഭിച്ച സാഹചര്യത്തില്‍ യാത്ര തുടങ്ങുന്ന ബോണക്കാട്ടും ബേസ് ക്യാമ്പായ അതിരുമലയിലും വനംവകുപ്പിന്റെ വനിതാ ഗാര്‍ഡുമാര്‍ ഉണ്ടാകുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. ബേസ് ക്യാമ്പില്‍ സ്ത്രീകള്‍ക്ക് താമസസൗകര്യവും ഒരുക്കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts