അഡലെയ്ഡ് ടെസ്റ്റ്: ഒസ്‌ട്രേലിയന്‍ ടീമില്‍ വമ്പന്‍ മാറ്റം

ഇന്ത്യയ്‌ക്കെതിരെ നാളെ അഡലെയ്ഡ് ഓവലില്‍ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. യുവ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് മത്സരത്തില്‍ കളിച്ച് ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. അതേ സമയം സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ ഞെട്ടിച്ചു. ഓസീസ് നായകന്‍ ടിം പെയിനാണ് ടീം പ്രഖ്യാപനം നടത്തിയത്. ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിലെ മിന്നും പ്രകടനമാണ് യുവ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് ടീമിലേക്ക് അവസരം തുറന്നത്. ഹാരിസും, ആരോണ്‍ ഫിഞ്ചും ചേര്‍ന്നാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഉസ്മാന്‍ ഖവാജ മൂന്നാമതായി ബാറ്റിംഗിനെത്തും.

READ MORE: ഓസ്‌ട്രേലിയന്‍ പര്യടനം: പൃഥ്വി ഷാ ഉണ്ടാവില്ല

ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോമ്പ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍ എന്നിവര്‍ നാല് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍ ബാറ്റിംഗിനിറങ്ങും. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന പേസ് നിരയില്‍ പാറ്റ് കമ്മിന്‍സും, ജോഷ് ഹേസല്‍ വുഡുമുണ്ടാകും. നഥാന്‍ ലയോണാണ് ടീമിലെ ഏകസ്പിന്നര്‍.
പ്ലേയിംഗ് ഇലവനില്‍ ഒരു അധിക ബാറ്റ്‌സ്മാനെക്കൂടി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് മിച്ചല്‍ മാര്‍ഷിനെ ടീമില്‍ നിന്നൊഴിവാക്കിയതെന്ന് ഓസീസ് നായകന്‍ ടിം പെയിന്‍ വ്യക്തമാക്കി. ആദ്യ ടെസ്റ്റിനുള്ള ടീമിലേക്ക് പരിഗണിച്ചില്ലെങ്കിലും വരും മത്സരങ്ങളില്‍ മാര്‍ഷിന്റെ സേവനം ടീമിന് ആവശ്യമായി വരുമെന്നും, അതിനാല്‍ ഷീല്‍ഡ് ടൂര്‍ണമെന്റില്‍ കളിച്ച് മികവ് കൂട്ടാന്‍ അദ്ദേഹത്തെ അയക്കുമെന്നും പെയിന്‍ കൂട്ടിച്ചേര്‍ത്തു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts