
തെന്നിന്ത്യയുടെ താരം കാജൽ അഗർവാൾ വിവാഹിതയായി. മുംബെെയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഗൗതം കിച്ച്ലുവാണ് കാജലിന്റെ വരൻ. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വളരെ ലളിതമായ ചടങ്ങായിരുന്നു. വിവാഹത്തിൽ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയാണ്. മുംബെെ സ്വദേശിയാണ് ഗൗതം കിച്ച്ലു. കഴിഞ്ഞ ദിവസം കാജൽ പങ്കുവച്ചു ഹൽദി ചിത്രവും വെെറലായിരുന്നു. ഹൽദി ചടങ്ങിൽ ഡാൻസ് കളിക്കുന്ന കാജലിന്റേയും സഹോദരിയുടേയും വീഡിയോയും വെെറലായി മാറിയിരുന്നു. പ്രിയതാരത്തിന്റെ വിവാഹം ആഘോഷമാക്കുകയാണ് ആരാധകർ.

ബിസിനസ്മാനും ഇന്റീരിയർ ഡിസെെനറുമാണ് ഗൗതം. ഇരുവർക്കും കുട്ടിക്കാലം മുതലെ പരസ്പരം അറിയാം. മുംബെെയിൽ വച്ചായിരുന്നു വിവാഹം നടന്നത്. വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈയ്യടുത്ത് ഇരുവരും പുതിയ വീട്ടിലേക്ക് മാറിയിരുന്നു. അതേസമയം തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകൾ കാജലിന്റേതായി ഇറങ്ങാനിരിക്കുകയാണ്. വിവാഹ ശേഷവും സിനിമയിൽ തുടരുമെന്ന് കാജൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ 2, ആചാര്യ തുടങ്ങിയ ചിത്രങ്ങൾ അണിയറയിലുണ്ട്.