നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണം

Palsur-Suni-And-Dileep

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി നടന്‍ ദിലീപ് അടക്കം 12 പ്രതികള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാകണം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒന്നുമുതല്‍ ആറുവരെ പ്രതികളായ വേങ്ങൂര്‍ നെടുവേലിക്കുടിയില്‍ എന്‍.എസ്. സുനില്‍ എന്ന പള്‍സര്‍ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി (25), തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി. മണികണ്ഠന്‍ (29), തലശ്ശേരി കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ സലീം എന്ന വടിവാള്‍ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (23) എന്നിവരെ ഹാജരാക്കാന്‍ നിര്‍ദേശിച്ച് ജയില്‍ അധികൃതര്‍ക്ക് കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജാമ്യത്തില്‍ കഴിയുന്ന ഏഴുമുതല്‍ 12 വരെ പ്രതികളായ കണ്ണൂര്‍ ഇരിട്ടി പൂപ്പിള്ളില്‍ ചാര്‍ലി തോമസ് (43), നടന്‍ ദിലീപ് (49), പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹഭവനില്‍ സനില്‍കുമാര്‍ എന്ന മേസ്തിരി സനില്‍ (41), കാക്കനാട് ചെമ്പുമുക്ക് സ്വദേശി വിഷ്ണു (39), ആലുവ ചുണങ്ങംവേലി ചെറുപറമ്പില്‍ വീട്ടില്‍ പ്രതീഷ് ചാക്കോ (44), എറണാകുളം ബ്രോഡ്‌വേ പാത്തപ്ലാക്കല്‍ രാജു ജോസഫ് (44) എന്നിവര്‍ക്ക് ഹാജരാകാന്‍ സമന്‍സും അയച്ചിട്ടുണ്ട്.

പ്രതികള്‍ ഹാജരായശേഷം തുടര്‍ നടപടി കോടതി തീരുമാനിക്കും. സെഷന്‍സ് കോടതിതന്നെ വിചാരണ നടത്തുമോ എന്നതും അഡീഷനല്‍ സെഷന്‍സ് കോടതിക്കോ പോക്‌സോ കോടതിക്കോ കൈമാറുമോ എന്നതും ബുധനാഴ്ച തീരുമാനിച്ചേക്കും. സെഷന്‍സ് കോടതിതന്നെ വിചാരണ നടത്താന്‍ തീരുമാനിച്ചാല്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തല്‍ തീയതി പ്രഖ്യാപിച്ച് വിചാരണ നടപടിയിലേക്ക് നീങ്ങും.

share this post on...

Related posts