
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു തമിഴ് നടൻ തവസി അന്തരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി കോമഡി റോളുകളിലൂടേയും നെഗറ്റീവ് റോളുകളിലൂടേയും ആരാധകരുടെ കെെയ്യടി നേടിയ താരമാണ് തവസി. നേരത്തെ ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്ന തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.തവസിയുടെ ചികിത്സ സൗജന്യമായിരിക്കുമെന്ന് ആശുപത്രി ഉടമയും അറിയിച്ചിരുന്നു. എന്നാൽ സഹായങ്ങൾക്കും സുമനസുകൾക്കും തവസിയെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ല.

തവസിയ്ക്ക് സഹായവുമായി സൂപ്പർ താരം രജനീകാന്ത്, ശിവകാർത്തികേയൻ തുടങ്ങിയവരും രാഷ്ട്രീയ നേതാക്കളും രംഗത്ത് എത്തിയിരുന്നു.തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധ നേടിയ തവസി അദ്ദേഹത്തിൻറെ വലിയ മീശയും താടിയും മൂലമാണ് പെട്ടെന്ന് ശ്രദ്ധ കവരുക. വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ സിനിമകളിലെ പ്രകടനത്തോടെയാണ് തവസി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.മൂന്ന് പതിറ്റാണ്ടായി സിനിമാ ലോകത്തുള്ള താരമാണ് തവസി. കിഴക്ക് ചീമയിലേ ആണ് ആദ്യമായി അഭിനയിച്ച ചിത്രം. രജനികാന്തിൻറെ പുതിയ ചിത്രമായ അണ്ണാത്തേയിലും അഭിനയിച്ചിട്ടുണ്ട്.