സല്‍മാന്‍ഖാന് വിദേശത്തു പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണം – കോടതി

Salman-Khan-2014-HD-Wallpaper

മുംബൈ: കൃഷ്ണമൃഗ വേട്ടക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ സല്‍മാന്‍ ഖാന് വിദേശത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജോധ്പൂര്‍ കോടതി. വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ അഞ്ച് വര്‍ഷത്തേക്ക് സല്‍മാനെ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സല്‍മാന്‍ ഹര്‍ജി നല്‍കിയത്.

വാദം കേട്ടു തുടങ്ങിയതിനാല്‍ സല്‍മാന്‍ ഖാന്‍ വിദേശത്ത് പോകുന്നതില്‍ ഇളവനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പോകര്‍ റാം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഉത്തരവിനെ തുടര്‍ന്ന് ഷൂട്ടിംഗിനായി മാള്‍ട്ടയിലേക്കും സൗദിയിലേക്കും പോകുന്നതിനായി സല്‍മാന്റെ അഭിഭാഷകന്‍ പുതിയ അപേക്ഷ നല്‍കുകയും കോടതി അംഗീകരിക്കുകയും ചെയ്തു.

1998 ഒക്ടോബര്‍ രണ്ടിന് ജോധ്പൂരിലെ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നു എന്നായിരുന്നു സല്‍മാനെതിരായ കേസ്. കേസില്‍ ഏപ്രില്‍ അഞ്ചിന് വിചാരണക്കോടതി സല്‍മാനെ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.

share this post on...

Related posts