അകത്തുകയറാൻ 1024 വഴികൾ, തിരിച്ചിറങ്ങാൻ രണ്ടുവഴികൾ മാത്രം; ലോകത്തിലെ യഥാർഥ ‘ചുരുളികൾ’

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘ചുരുളി’ എന്ന സിനിമയുടെ പ്രമേയം ഒരു കള്ളനെ തിരഞ്ഞ് ചുരുളിയെന്ന കാട്ടുഗ്രാമത്തിലെത്തുന്ന രണ്ടു പൊലീസുകാർ അതിന്റെ നിഗൂഢതകളിൽ കുരുങ്ങിപ്പോകുന്നതാണ്. ഒരു നാട്ടിലോ അല്ലെങ്കിൽ ഘടനയിലോ അകപ്പെടുക. എന്നിട്ട് രക്ഷ നേടാനാകാതെ അതിനുള്ളിൽ അലയുക. പുറപ്പെട്ടു തുടങ്ങിയിടത്തു തന്നെ ചുറ്റിക്കറങ്ങി വീണ്ടുമെത്തുക. ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് ഇത്.

ഈ ഭയം പ്രാചീന കാലം മുതൽ തന്നെ മനുഷ്യർ മനസ്സിലാക്കിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിർമാണങ്ങളെ ലാബിരിന്ത് എന്നു പറയുന്നു.മലയാളത്തിൽ നൂലാമാല എന്നൊക്കെ പറയാവുന്ന ഘടന. ഗ്രീസിലെ മിനോസ് എന്ന രാജാവാണ് ആദ്യത്തെ ലാബിരിന്ത് നിർമിച്ചതെന്നു കരുതുന്നു. ഇംഗ്ലണ്ടിൽ ലാബിരിന്തുകൾ അറിയപ്പെട്ടത് മേസ് എന്ന പേരിലാണ്.

ഈജിപ്തിൽ 1860 ബിസിയിൽ ഭരിച്ചിരുന്ന അമേനംഹറ്റ് മൂന്നാമൻ നിർമിച്ച ഒരു ലാബിരിന്ത് ഹവാര എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു.അമേരിക്കയിൽ പണ്ടു താമസിച്ചിരുന്ന ഗോത്രവർഗ രാജവംശമായ ടോഹോനോ ഊധാം, ഒരു വലിയ ലാബിരിന്ത് ഇന്നത്തെ അരിസോനയ്ക്കു സമീപം നിർമിച്ചിരുന്നു.

ഇന്ത്യയിലും ലാബിരിന്തുകളെക്കുറിച്ചുള്ള അറിവ് പണ്ടുമുതലുണ്ട്. ലാബിരിന്ത് രൂപഘടനകൾ അടയാളപ്പെടുത്തിയ പ്രാചീന രൂപഘടനകൾ ഇന്ത്യയിൽ പലയിടത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ലാബിരിന്ത് നിലനിൽക്കുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് തലസ്ഥാനം ലക്നൗവിലെ ബഡാ ഇമാംബര. ലക്നൗവിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു മതതീർഥാടന സ്ഥലമാണ് ബഡാ ഇമാംബര. ഇതിന്റെ ഭാഗമായുള്ള, ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ലാബിരിന്താണു ഭൂൽ ഭുലയ്യ. അവധിലെ നവാബായിരുന്ന അസഫ് ഉൽ ദൗലയാണ് ബഡാ ഇമാംബരയും ഭൂൽ ഭുലയ്യയും നിർമിച്ചത്.

14 വർഷമെടുത്തായിരുന്നു നിർമിതി. 1780ൽ അവധിൽ കടുത്ത ക്ഷാമം വരികയും ജനങ്ങൾ പട്ടിണിയാകുകയും ചെയ്തു. ജനങ്ങൾക്ക് ഒരു വരുമാനമാർഗവും തൊഴിലുമാകട്ടെ എന്ന നിലയിലായിരുന്നു ബഡാ ഇമാംബരയുടെ നിർമാണം. നിങ്ങൾക്ക് ദിശകൾ തെറ്റുകയും വഴികൾ മറക്കുകയും ചെയ്യുന്ന സ്ഥലം എന്നാണ് ഭൂൽ ഭുലയ്യ എന്ന വാക്കിന്റെ അർഥമെന്ന് ഭാഷാവിദഗ്ധർ പറയുന്നു. ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഹാഫീസ് കിഫായത്തുല്ല എന്ന ശിൽപിയാണ് ബഡാ ഇമാംബരയുടെ നിർമാണഘടന ആവിഷ്കരിച്ചത്. മൂന്നു ഹാളുകളും ഇതിലുണ്ട്. ഇതിലെ പ്രധാനഹാളിൽ നവാബ് അസഫ് ഉദ് ധൗളയുടെ ഖബർ സ്ഥിതി ചെയ്യുന്നു. ബഡാ ഇമാംബരയിലെ ഏറ്റവും ശ്രദ്ധ ക്ഷണിക്കുന്ന കാര്യം ഭൂൽ ഭുലയ്യ തന്നെയാണ്.

ആയിരത്തിലധികം വഴികളും 468 ഒരേ പോലിരിക്കുന്ന വാതിലുകളും ഏതൊരാളെയും വഴി തെറ്റിക്കാൻ പ്രാപ്തമാണ്. അകത്തേക്കു കടക്കാൻ ആയിരത്തിലധികം വഴികളുണ്ടെങ്കിലും പുറത്തിറങ്ങാൻ രണ്ടെണ്ണം മാത്രമാണുള്ളത്. ഭൂൽ ഭുലയ്യയിൽ ഒട്ടേറെ പരിചയസമ്പന്നരായ ഗൈഡുമാരുണ്ട്. അതിനാൽ തന്നെ അകത്തുകയറിയാലും വഴി തെറ്റിയാലും സുരക്ഷിതമായി പുറത്തിറങ്ങാൻ പ്രശ്നമില്ല.

Related posts