ആധാര്‍ കാര്‍ഡ് കൈയിലില്ല, യുവതിക്ക് പ്രസവമുറി നിഷേധിച്ചു.. ഒടുവില്‍ ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു

Gurgaon-Hospital

ഗുഡ്ഗാവ്: ആധാര്‍ കാര്‍ഡ് കൈയിലില്ലാത്തതിനാല്‍ പ്രസവമുറിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ 25 കാരി മുന്നി കെവത്തിനാണ് ദുരനുഭവം നേരിട്ടത്. സംഭവം വിവാദമായതോടെ ഒരു ഡോക്ടറെയും നഴ്സിനെയും സസ്പെന്‍ഡ് ചെയ്തു.പ്രസവവേദനയുമായി ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയെ ഡോക്ടര്‍മാര്‍ പ്രസവമുറിയിലേക്ക് അയച്ചു. എന്നാല്‍ പ്രസവമുറിയില്‍ പ്രവേശിപ്പിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് ജീവനക്കാര്‍ പറഞ്ഞതായി യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. ആധാര്‍ കാര്‍ഡ് കൈയിലില്ലാത്തതിനാല്‍ തത്കാലം ആധാര്‍ നമ്പര്‍ നല്‍കാമെന്നും പിന്നീട് കാര്‍ഡിന്റെ കോപ്പി നല്‍കാമെന്നും അറിയിച്ചെങ്കിലും യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ തയാറായില്ലെന്നും ഭര്‍ത്താവ് അരുണ്‍ കെവത്ത് ആരോപിക്കുന്നു.തുടര്‍ന്ന് ബന്ധുക്കളെ യുവതിയോടൊപ്പം നിര്‍ത്തി ഭര്‍ത്താവ് ആധാര്‍ കാര്‍ഡ് കൊണ്ടുവരാന്‍ പോയി.

അവശയായ യുവതിയെ ബന്ധുക്കള്‍ തിരിച്ച് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും അവിടെ ഇരിക്കാന്‍ പോലും ജീവനക്കാര്‍ അനുവദിച്ചില്ലെന്നും തങ്ങളെ പുറത്താക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.അത്യാഹിത വിഭാഗത്തില്‍ നിന്ന് പുറത്താക്കിയതോടെ യുവതി വരാന്തയില്‍  പ്രസവിക്കുകയുമായിരുന്നു. എന്നാല്‍ ജീവനക്കാരാരും സഹായിക്കാനെത്തിയില്ല. പ്രസവശേഷം ആശുപത്രി വരാന്തയില്‍ രക്തം പരന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ജീവനക്കാര്‍ സഹായത്തിനെത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രി ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ ബന്ധുക്കള്‍ ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്പന്റെ് ചെയ്യുകയായിരുന്നു

share this post on...

Related posts