സെല്‍ഫി എടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നു കടലില്‍ കാണാതായ രണ്ടര വയസുകാരന്‍ മരിച്ചു

സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്നു കടലില്‍ കാണാതായ രണ്ടര വയസുകാരന്‍ മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയാണ് മരിച്ചത്. രണ്ടു ദിവസമായി കുട്ടിക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസും ലൈഫ് ഗാർഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും. ഇഎസ്ഐ ജംങ്ഷനു സമീപം കടൽത്തീരത്ത് 13 നാണ് സംഭവം നടന്നത്.

കോസ്റ്റുഗാര്‍ഡ്, പോലീസ്, ലൈഫ്ഗാര്‍ഡ് എന്നിവര്‍ ഇന്നലെ രാവിലെ മുതല്‍ തെരച്ചില്‍ നടത്തിയെങ്കിലും കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ തിരിച്ചടിയായിരുന്നു. ഞായറാഴ്ച ഉച്ച്ക്ക്2.45നാണ് അനിത, മക്കളായ അഭിനവ് കൃഷ്ണ, ആദികൃഷ്ണ, അനിതയുടെ സഹോദര പുത്രനായ ഹരികൃഷ്ണന്‍ എന്നിവര്‍ തിരയില്‍പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന അനിതയുടെ ബന്ധുവായ ആലപ്പുഴ സ്വദേശി ബിനു മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ആദികൃഷ്ണയെ കണ്ടെത്താനായില്ല. മൂന്ന് ദിവസം മുമ്പാണ് അനിതയും കുട്ടികളും കുടുംബവീടായ തൃശൂര്‍ പൂവന്‍ചിറ പുതിയപറമ്പില്‍ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ ആലപ്പുഴ ചാത്തനാട് രാജി സദനത്തില്‍ എത്തിയത്.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം സന്ധ്യയുടെ ഭര്‍ത്താവ് ബിനു വാഹനത്തില്‍ ഇവരുമായി ആലപ്പുഴ ബീച്ചില്‍ എത്തി. കോവിഡ് നിയന്ത്രണം വന്നതു മുതൽ ആലപ്പുഴ ബീച്ചിൽ സന്ദർശകർ വരാറില്ലായിരുന്നു. ശക്തമായ മഴയുണ്ടായിരുന്നു. കടലും പ്രക്ഷുബ്ധമായിരുന്നു. സാധാരണ സന്ദർശകർ എത്തിച്ചേരാത്ത ഭാഗത്തായിരുന്നു ഇവര്‍ വന്നത്. അര മണിക്കൂര്‍ തീരത്ത് കളിച്ച ശേഷം ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയ സമയം അനിത കുട്ടികളുമായി തീരത്തേക്ക് പോയി.

കാര്‍ മാറ്റിയിട്ട ശേഷം ബിനു തിരികെ വരുമ്പോൾ ആദി കൃഷ്ണ തിരമാലയിൽപ്പെടുന്നതു കണ്ടു. നിലവിളി കേട്ടെത്തിയ ബിനു രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ അനിതമോളുടെ കൈയ്യില്‍ നിന്ന് ആദി കൃഷ്ണ വഴുതിപ്പോകുകയായിരുന്നു.

Related posts