തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപ പിഴ, 500 മുതല്‍ 5000 വരെയാണ് മറ്റ് പിഴത്തുകകള്‍, ലക്ഷദ്വീപിലെ വിചിത്ര ഉത്തരവിനെതിരേ പ്രതിഷേധം

കൊച്ചി: മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിചിത്ര ഉത്തരവിനെതിരെ വേറിട്ട സമരരീതിയിലൂടെ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനത. വീടുകളിലെ തെങ്ങില്‍ നിന്നും വീഴുന്ന ഓലയും മടലും തേങ്ങയും ചിരട്ടയും പറമ്പിലിടരുതെന്ന വിവാദ ഉത്തരവിനെതിരെയാണ് ദ്വീപ് നിവാസികള്‍ ഓലമടല്‍ സമരവുമായി പ്രതിരോധം തീര്‍ത്തത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പറമ്പുകളില്‍ മടലും ഓലയും കൂട്ടിയിട്ട് മുകളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എല്ലാ ദ്വീപിലെയും ജനങ്ങള്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി. രാവിലെ 9ന് തുടങ്ങിയ സമരം ഒരുമണിക്കൂര്‍ നീണ്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഓലയും, മടലും, തേങ്ങയുമേന്തി സമരത്തില്‍ പങ്കാളികളായി. വീട്ടുപരിസരങ്ങളായിരുന്നു സമരവേദി. ഞങ്ങളുടെ ഭൂമി ഞങ്ങളുടെ സ്വന്തം, പിഴ നിര്‍ത്തലാക്കുക, മാലിന്യ സംസ്‌കരണത്തിന് ശരിയായ സംവിധാനങ്ങളൊരുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സമരക്കാര്‍ പ്ലക്കാര്‍ഡുകളായി ഉയര്‍ത്തി. നേരത്തെ ദ്വീപിലെ തെങ്ങുകളില്‍ കാവി നിറം പൂശിയതും വിവാദമായിരുന്നു. ലക്ഷദ്വീപുകാരുടെ പ്രധാനവരുമാനമാര്‍ഗങ്ങളിലൊന്നാണ് തെങ്ങ്. തെങ്ങില്‍ നിന്ന് വീഴുന്ന ഓലയും മടലും വീട്ടുമുറ്റത്ത് കൂട്ടിയിടുന്നവര്‍ക്കെതിരെ വന്‍തുക പിഴ ഈടാക്കുമെന്ന ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലിയുടെ ഉത്തരവാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. മാലിന്യസംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനമൊന്നും ഒരുക്കാതെയായിരുന്നു പുതിയ നിര്‍ദേശം. തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതു ഇടങ്ങളിലോ കാണരുതെന്നായിരുന്നു വിവാദ ഉത്തരവ്. ഓലമടലുള്‍പ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാത്തവിധം ഭൂവുടമ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപയാണ് പിഴ. 500 മുതല്‍ 5000 രൂപവരെയാണ് മറ്റ് പിഴത്തുകകള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തെങ്ങുനിറഞ്ഞ ലക്ഷദ്വീപില്‍ ഉത്തരവ് പ്രായോഗികമല്ലെന്നാണ് ദ്വീപ്വാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

Related posts