മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞു; മരണം അവിടെ തോറ്റു, എന്നാല്‍ വീണ്ടും പതിയിരുന്ന് പാലക്കാട്ട് വെച്ച് ജീവനെടുത്തു

പാലക്കാട്: ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് പാലക്കാട് തണ്ണിശ്ശേരിയില്‍ എട്ടു പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. ഓങ്ങല്ലൂര്‍ സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍, ഉമര്‍ ഫാറൂഖ്, നെന്മാറ സ്വദേശികളായ സുധീര്‍, നിഖില്‍, ശിവന്‍, വൈശാഖ് എന്നിവരാണു മരിച്ചത്. ആംബുലന്‍സ് ഡ്രൈവറായിരുന്നു സുധീര്‍. പരുക്കേറ്റവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആംബുലന്‍സിലുണ്ടായിരുന്നവരാണ് മരിച്ച എട്ടു പേരും
മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മീന്‍ കയറ്റിയ ലോറി ആംബുലന്‍സിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. ലോറിയും തകര്‍ന്ന അവസ്ഥയിലാണ്. മേഖലയില്‍ ഗതാഗതം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. ലോറി റോഡില്‍നിന്നു നീക്കാനാകാത്തതാണു ഗതാഗത തടസ്സത്തിനു കാരണം.
ഷൊര്‍ണൂരില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കു വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചു പേര്‍. ഇവര്‍ വന്നിരുന്ന കാര്‍ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞിരുന്നു. പരുക്കേറ്റവരെ നാട്ടുകാരാണ് കെഎസ്ആര്‍ടിസി ബസില്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് സ്‌കാനിങ് ഉള്‍പ്പെടെയുള്ള കൂടുതല്‍ പരിശോധനകള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. നെന്മാറയില്‍ പുതുതായി ആരംഭിച്ച സ്വകാര്യ ആശുപത്രിയിലേതാണ് ആംബുലന്‍സ്.
കാര്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് ഷൊര്‍ണൂരില്‍ നിന്ന് എത്തിയ ബന്ധുക്കളില്‍ ചിലരും ആംബുലന്‍സില് ഉണ്ടായിരുന്നെന്നാണു വിവരം. അപകടത്തെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്, എംഎല്‍എ ഷാഫി പറമ്പില്‍, മുന്‍ എംപി എം.ബി.രാജേഷ്, ജില്ലാ കലക്ടര്‍ എന്നിവരെത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിക്കു മുന്നിലും പരിസരത്തും വന്‍ ജനക്കൂട്ടമാണ്.

share this post on...

Related posts