നാവ് വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങള്‍…


പല ആരോഗ്യപ്രശ്‌നങ്ങളെയും രോഗങ്ങളെയും അകറ്റാനും ശുചിത്വം വര്‍ധിപ്പിക്കാനുമെല്ലാം ഈ ശീലം സഹായകമാണ്. വായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാത്രമല്ല ഇത് ഗുണകരമാകുന്നത്. ആകെ ആരോഗ്യത്തെ തന്നെ സ്വാധീനിക്കുന്നു

ദിവസവും രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം നാം പല്ല് തേക്കാറുണ്ട്. മിക്കവരും രാത്രിയില്‍ ഭക്ഷണശേഷം ഉറങ്ങാന്‍ പോകുന്നതിന് മുമ്പായും പല്ല് തേക്കാറുണ്ട്. എന്നാല്‍ പലരും ഇതിനൊപ്പം ചെയ്യാന്‍ മടിക്കുന്നതോ മറക്കുന്നതോ ആയ കാര്യമാണ് നാവ് വടിക്കുന്നത്.

ദിവസത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണിത്. ദന്തരോഗ വിദഗ്ധരും ഇക്കാര്യം ഗൗരവമായി സൂചിപ്പിക്കാറുള്ളതാണ്. പല ആരോഗ്യപ്രശ്‌നങ്ങളെയും രോഗങ്ങളെയും അകറ്റാനും ശുചിത്വം വര്‍ധിപ്പിക്കാനുമെല്ലാം ഈ ശീലം സഹായകമാണ്. വായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാത്രമല്ല ഇത് ഗുണകരമാകുന്നത്. ആകെ ആരോഗ്യത്തെ തന്നെ സ്വാധീനിക്കുന്നു. അത്തരത്തില്‍ നാവ് വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ച് ഒന്ന് അറിഞ്ഞാലോ…

ഒന്ന്…

ദഹനപ്രവര്‍ത്തനം തുടങ്ങുന്നത് വായില്‍ വച്ചാണ്. ഉമിനീരിലടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ഭക്ഷണത്തെ വിഘടിപ്പിക്കുകയും ദഹനപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഈ എന്‍സൈമുകളെ സജീവമാക്കുന്നതിന് നാവ് വടിക്കുന്നത് സഹായിക്കുന്നു.

രണ്ട്…

രാത്രി മുഴുവനായി വായ്ക്കകത്ത് അടിഞ്ഞുകിടക്കുന്ന രോഗാണുക്കളെ തുരത്താന്‍ നാവ് വടിക്കുന്നത് സഹായിക്കും. ഇതുണ്ടാക്കുന്ന ‘ഫ്രഷ്‌നെസ്’ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ത്വരിതപ്പെടുത്തും.

മൂന്ന്…

വായ്‌നാറ്റം പലര്‍ക്കും ഒരു ശാരീരിക പ്രശ്‌നം എന്നതില്‍ കവിഞ്ഞ് വലിയ തോതില്‍ ആത്മവിശ്വാസത്തെ ബാധിക്കുന്ന പ്രശ്‌നമായി മാറുകയാണ് പതിവ്. വായ്‌നാറ്റം വരാനുള്ള ഒരു പ്രധാന കാരണമാണ് നാവ് ശുചിയായി സൂക്ഷിക്കാതിരിക്കുന്നത്. പതിവായി നാവ് വടിച്ചാല്‍ ഒരു പരിധി വരെ വായ്‌നാറ്റം വരുന്നത് തടയാന്‍ സാധിക്കും.

നാല്…

ഭക്ഷണത്തിന്റെ രുചി നാം തിരിച്ചറിയുന്നത് നാക്കിലെ രസമുകുളങ്ങളിലൂടെയാണ്. നാവ് വടിച്ചില്ലെങ്കില്‍ ഇത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരാം. അതിനാല്‍ നാവ് വടിക്കുന്നത് പതിവാക്കുക.

അഞ്ച്…

പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും രോഗങ്ങള്‍ക്കും നാവില്‍ അടിഞ്ഞുകൂടുന്ന ബാക്ടീരിയ അടക്കമുള്ള രോഗാണുക്കള്‍ കാരണമാകാറുണ്ട്. പതിവായി നാവ് വടിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം അകറ്റാന്‍ സഹായിക്കും.

Related posts