ഭാരം കുറയ്ക്കാന്‍ ഈ ഫൈബര്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആവശ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. പെട്ടെന്ന് വിശപ്പ് തോന്നാതിരിക്കാനും കാലറി തോത് നിലനിര്‍ത്താനുമൊക്കെ ഫൈബര്‍ നല്ലതാണ്. പഴങ്ങളിലും പച്ചക്കറികളിലും മറ്റുമുള്ള സോല്യുബിള്‍ ഫൈബര്‍ വയറിലുള്ള ആരോഗ്യകരമായ ബാക്ടീരിയയുടെ എണ്ണം കൂട്ടുകയും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ എല്ലാ തരം ഫൈബറും ഒരേ പോലെയുള്ളതല്ലെന്നും ചിലത് സ്ഥിരം കഴിക്കുന്നതും അമിതമായി കഴിക്കുന്നതും ഭാരം കുറയ്ക്കാന്‍ സഹായകമല്ലെന്നും ഡയറ്റീഷന്മാര്‍ പറയുന്നു.

അത്തരത്തിലുള്ള അഞ്ച് ഫൈബര്‍ ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടാം. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഈ ഫൈബറുകളില്‍ നിന്ന് അകലം പാലിക്കേണ്ടതാണ്.

ക്വിക് ഓട്സ്

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ പ്രഭാതഭക്ഷണമാണ് ഓട്മീല്‍. ഫൈബറും പ്രോട്ടീനും മറ്റ് പോഷണങ്ങളും ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാത്തരം ഓട്സും ഭാരം കുറയ്ക്കാന്‍ സഹായകമല്ല. അമിതമായി സംസ്കരിച്ച ക്വിക് ഓട്സില്‍ കാലറിയും പഞ്ചസാരയും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. അതേ സമയം സ്റ്റീല്‍ കട്ട് ഓട്സും റോള്‍ഡ് ഓട്സും ഭാരം കുറയ്ക്കാന്‍ നല്ലതാണ്.

ഹോള്‍ വീറ്റ് ബ്രഡ്

ബ്രൗണ്‍, വൈറ്റ് ബ്രഡിനേക്കാൾ ഭാരം കുറയ്ക്കാന്‍ ഹോള്‍ വീറ്റ് ബ്രെഡ് നല്ലതാണെന്നാണ് പൊതു ധാരണ. എന്നാല്‍ ഇവ തമ്മില്‍ പറയത്തക്ക വ്യത്യാസമില്ലെന്ന് ഡയറ്റീഷന്മാര്‍ പറയുന്നു. ഹോള്‍ മീറ്റ് ബ്രെഡില്‍ അധികം ഫൈബര്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ മറ്റ് ബ്രഡുകളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ മെച്ചം ഇതിനില്ല. പഴങ്ങളും പച്ചക്കറികളുമായി താരതമ്യം ചെയ്താല്‍ പോഷണങ്ങളും ഇതില്‍ കുറവാണ്. അതിനാല്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഹോള്‍ വീറ്റ് ബ്രഡ് ഒഴിവാക്കുന്നതാകും നല്ലത്.

ക്രീം വെജിറ്റബിള്‍ സൂപ്പ്

ഭാരം കുറയ്ക്കാന്‍ സൂപ്പ് കഴിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, അതിന് ക്രീം വെജിറ്റബിള്‍ സൂപ്പ് വേണ്ട. ഇതില്‍ ഫൈബറില്ലെന്ന് മാത്രമല്ല കാലറി അധികമാണ് താനും. ഇതിനാല്‍ ക്രീം സൂപ്പിനു പകരം ക്ലിയര്‍ വെജിറ്റബിള്‍ സൂപ്പ് കഴിക്കുക.

ഭക്ഷ്യധാന്യം

ഹോള്‍ ഗ്രീന്‍, ഫൈബര്‍ റിച്ച് എന്നെല്ലാം അടയാളപ്പെടുത്തി വരുന്ന ഭക്ഷ്യധാന്യങ്ങള്‍ ഭാരം കുറയ്ക്കാന്‍ സഹായകമാകണമെന്നില്ല. ഫ്ളേവര്‍ ചേര്‍ത്ത ധാന്യങ്ങളാണെങ്കില്‍ അതില്‍ പഞ്ചസാരയും കാലറിയും അധികമായിരിക്കുകയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ഇവ നല്ലതല്ല.

പായ്ക്ക് ചെയ്ത ജ്യൂസുക

പഴങ്ങള്‍ ഫൈബര്‍ സമ്പുഷ്ടമാണ്. എന്നു വച്ച് പായ്ക്ക് ചെയ്ത് കടകളില്‍ ലഭിക്കുന്ന ഫ്രൂട്ട് ജ്യൂസുകളില്‍ ഫൈബര്‍ ഉണ്ടാകില്ല. മറിച്ച് ഇവയില്‍ ഉയര്‍ന്ന പഞ്ചസാരയും കാലറിയും അടങ്ങിയിട്ടുണ്ടാവുകയും ചെയ്യും. പായ്ക്ക് ചെയ്ത ജ്യൂസിന് പകരം വീട്ടില്‍ തന്നെ തയാറാക്കുന്ന പഴച്ചാറുകള്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും.

Related posts