54 വര്‍ഷം 40,000 പാട്ടുകള്‍, വര്‍ഷത്തില്‍ 741 പാട്ടുകള്‍,കരിയറില്‍ ഇനിയാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത റെക്കോര്‍ഡുകള്‍

കരിയറില്‍ ഇനിയാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വിട പറഞ്ഞിരിക്കുന്നത്. 54 വര്‍ഷം നീണ്ട കരിയറില്‍ 16 ഭാഷകളില്‍ 40,000ത്തില്‍ അധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. അതായത് വര്‍ഷത്തില്‍ ശരാശരി 741 പാട്ടുകള്‍ അദ്ദേഹം പാടി. ദിവസക്കണക്ക് നോക്കിയാല്‍ ഒരു ദിവസം രണ്ട് പാട്ട് വീതം.

ഒരു ദിവസം രണ്ട് പാട്ട് എന്നത് എസ്.പി.ബിയെ സംബന്ധിച്ച് ഒരു വെല്ലുവിളിയേ അല്ല. കാരണം, 12 മണിക്കൂര്‍ കൊണ്ട് അദ്ദേഹം 21 കന്നഡ ഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. തമിഴില്‍ 19 പാട്ടുകളും ഹിന്ദിയില്‍ 16 പാട്ടുകളും ഒരു ദിവസം കൊണ്ട് അദ്ദേഹം പാടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ എസ്.പി സാമ്പമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍െ്‌റ ജനനം. അടുപ്പക്കാര്‍ എസ്.പി.ബിയെന്നും ബാലുവെന്നും വിളിക്കും. ഗായിക എസ്.പി ഷൈലജ അടക്കം രണ്ട് സഹോദരന്‍മാരും അഞ്ച് സഹോദരിമാരുമുണ്ട്. പിതാവ് സാമ്പമൂത്തി ഹരികഥാ കലാകാരനായിരുന്നു. നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ചെറുപ്പം മുതല്‍ തന്നെ സംഗീതം എസ്.പി.ബിക്ക് കൂട്ടായി ഉണ്ടായിരുന്നു. ഇളയരാജ, ഗംഗൈ അമരന്‍ സഹോദരന്‍മാര്‍ക്കൊപ്പം സംഗീത ട്രൂപ്പില്‍ അംഗമായിരുന്നു. ശ്രീ ശ്രീ മര്യാദ രാമണ എന്ന തെലുങ്ക് സിനിമയില്‍ പാടി 1967ലാണ് എസ്.പി.ബി സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.

Related posts