യുഎസ് വിപണിയുടെ ഇടിവ്; ഏഷ്യന്‍ വിപണികളിലും കനത്ത തകര്‍ച്ച

Stock-Market-Crash-2017

മുംബൈ: അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ കനത്ത തകര്‍ച്ച. സെന്‍സെക്‌സ് 1,250 പോയിന്റ് താഴ്ന്ന് 33,482ലും നിഫ്റ്റി 306 പോയിന്റ് താഴ്ന്ന് 10,300ലുമാണ് വ്യാപാരം തുടങ്ങിയത്. യുഎസ് വിപണിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം 5.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടതാണു തിരിച്ചടിക്കു കാരണം. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യത്തിലും വന്‍ ഇടിവുണ്ടായി.

ഡൗ ജോണ്‍സ് 1600 പോയിന്റ് (4.6 %) ഇടിവാണു രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ജെറോം പവല്‍ സ്ഥാനമേറ്റു മണിക്കൂറുകള്‍ക്കുള്ളിലാണു ഓഹരി വിപണി ചാഞ്ചാടിയത്. 2011ല്‍ ആണ് ഇതിനുമുന്‍പ് യുഎസ് വിപണിയില്‍ വലിയ തകര്‍ച്ച ഉണ്ടായത്. 1987ലെ ‘കറുത്ത തിങ്കള്‍’, 2008ലെ സാമ്പത്തിക മാന്ദ്യം എന്നിവയെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കൂപ്പുകുത്തലെന്നും നിരീക്ഷണമുണ്ട്.

യുഎസ് വിപണിയുടെ ഇടിവിനെത്തുടര്‍ന്നു ജപ്പാനില്‍ നാലു ശതമാനവും ഓസ്‌ട്രേലിയയില്‍ മൂന്നു ശതമാനവും തകര്‍ച്ചയുണ്ടായി. ഇന്ത്യയില്‍ കനത്ത വില്‍പന സമ്മര്‍ദമാണു വിപണികളെ പിടിച്ചുകുലുക്കിയത്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്.

ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില പത്തുശതമാനം ഇടിഞ്ഞു. ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, വിപ്രോ തുടങ്ങി ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്.

Related posts