കളിക്കളത്തിലെ ലിംഗനീതിക്കായുള്ള ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തെ കുറിച്ച് ലിജിഷ എ.ടി എഴുതുന്നു; സ്വത്വസമത്വത്തിലേക്കുള്ള കാല്‍പന്തുകളി

lijis
ലിംഗം എന്ന അവയവാസ്പദ കാഴ്ച്ചപാടിനപ്പുറം സ്വത്വങ്ങളുടെ വൈവിധ്യാംഗീകാര സങ്കല്‍പങ്ങളിലേക്കാണ് ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ എന്ന ആശയം നമ്മെ നയിക്കുന്നത്. ”culture does not make people,people make culture” എന്നാണ് നൈജീരിയന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ Chimamanda Ngozi Adrichie പറഞ്ഞിരിക്കുന്നത്. സംസ്‌കാരം മനുഷ്യരുണ്ടാക്കുകയല്ല, മറിച്ച് മനുഷ്യര്‍ നിര്‍മ്മിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒന്നാണ് സംസ്‌കാരം. അതതു കാലം ആവശ്യപ്പെടുന്ന മാനവിക സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുക എന്നത് സമകാലിക യൗവ്വനത്തിന്റെ ദൗത്യം കൂടിയാണ്. അത്തരമൊരു ദൗത്യമാണ് യുവസമിതി ഏറ്റെടുത്തിരിക്കുന്ന ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ എന്ന ആശയം.
ഇനിയുള്ള കാലത്ത് പെണ്‍, ആണ്‍, ട്രാന്‍സ് ജെന്റര്‍ എന്ന വകതിരിവിനു പോലും പ്രസക്തിയുണ്ടാവില്ല. ഒരു വെന്‍ ഡയഗ്രത്തിലെന്ന പോലെ, ആശയങ്ങളുടെ വിയോജിപ്പുകളും പരിവര്‍ത്തനങ്ങളുമുണ്ടാക്കുന്ന ഓരോ കൂട്ടങ്ങളായി, വ്യത്യസ്ത സീമകളില്‍ സംലയിക്കുന്ന സ്വത്വങ്ങളായി നാം മാറുന്ന കാലത്തെക്കുറിച്ചു കൂടിയാണ് ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ സംസാരിക്കുന്നത്.
ശരീരങ്ങള്‍ അപ്രസക്തമാകുന്ന കാലത്ത് തുറിച്ചു നോട്ടങ്ങളും ബലാല്‍സംഗങ്ങളും പീഡനങ്ങളും അശുദ്ധികളുമെല്ലാം ഇല്ലാതാകുന്നു. പരമ്പരാഗതമായി ശരീരത്തിനു കിട്ടിയ അധികാരവും അടിമത്വവും തകര്‍ത്തു വാര്‍ത്ത് സമസ്വത്വങ്ങളുണ്ടാവുന്ന കാലത്തേക്കുള്ള ജാലകം തുറക്കുകയാണ് ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ എന്ന ആശയം. ഓരോ വ്യക്തിക്കും രൂപാന്തരണ സാധ്യതയുള്ള സ്വത്വം (Transforming Identtiy) മാത്രമാണുണ്ടായിരിക്കേണ്ടത്. അവിടെ ഹിന്ദുക്കളും ദളിതുകളും പെണ്ണും ആണും ട്രാന്‍സ് ജെന്ററുകളുമൊന്നുമില്ല.
മലപ്പുറത്തിന്റെ സാംസ്‌കാരിക പാളികളില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവകൂട്ടായ്മയായ യുവസമിതിക്ക് മുന്‍പും സാധിച്ചിട്ടുണ്ട്. ജെന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ എന്ന പദത്തിന് ഭാഷാപരിമിതിയുണ്ടെങ്കിലും ആശയം സാംസ്‌കാരികോത്സവത്തിലെ ഒരു വിനോദം മാത്രമായി അവസാനിക്കുന്നതല്ല. അതു തുറന്നിടുന്നത് വിശാലമായ ലോക കാഴ്ച്ചയിലേക്കുള്ള ജാലകമാണ്. ആ ലോകകാഴ്ച്ചയുടെ സാധ്യതകളുണ്ടാകുന്ന സൗന്ദര്യത്തെ കുറിച്ചുകൂടി നാമിനി സംസാരിക്കേണ്ടതുണ്ട്. പുതിയ സംസ്‌കാരങ്ങളുണ്ടാവട്ടെ. അവ സകലലോക സ്‌നേഹത്തിലധിഷ്ഠിതവുമായിരിക്കട്ടെ.

Related posts