സ്മാര്‍ട്ട് ഫോണിന്റെ കൂടെ ഇനി ചാര്‍ജര്‍ പ്രതീക്ഷിക്കണ്ട..

കുറച്ചു കാലം മുന്‍പ് വരെ നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങിക്കുകയാണെങ്കില്‍ ഫോണ്‍ ലഭിക്കുന്ന ബോക്‌സില്‍ ഫോണ്‍ മാത്രമായിരുന്നില്ല ലഭിച്ചിരുന്നത്. പുത്തന്‍ ഫോണ്‍, ചാര്‍ജര്‍, ഹെഡ്!ഫോണ്‍, യൂസേഴ്‌സ് മാന്വല്‍, വാറന്റി കാര്‍ഡ് എന്നിവ ബോക്‌സിലുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹെഡ്‌ഫോണുകള്‍ ഈ ബോക്‌സുകളില്‍ നിന്ന് അപ്രത്യക്ഷമായി. പകരം വിലക്കുറവുള്ള ബാക് കെയ്‌സുകള്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ ബോക്‌സില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ചാര്‍ജറുകളെയും ഒഴിവാക്കാനുള്ള പദ്ധതികള്‍ നടക്കുന്നു എന്നാണ് റിപോര്‍ട്ടുകള്‍. സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ സാംസങ് ആണ് പുത്തന്‍ സ്മാര്‍ട്ടഫോണുകളോടൊപ്പം ചാര്‍ജര്‍ ഒഴിവാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നത് എന്ന് ദക്ഷിണ കൊറിയന്‍ പത്രസ്ഥാപനമായ ഇടി ന്യൂസ് റിപ്പോര്‍ട്ട് ചെയുന്നു. പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലയേറുന്ന സാഹചര്യത്തില്‍ വില പിടിച്ചു നിര്‍ത്താനാണ് ഇത്തരമൊരു നീക്കം. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സ്‌ഫോടനാത്മകം എന്ന് വിളിക്കാവുന്ന ഈ തീരുമാനത്തിന് സാംസങിന്റെ മേലധികാരികള്‍ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല എങ്കിലും സജീവ പരിഗണയിലാണ് എന്ന് ഇടി ന്യൂസ് വ്യക്തമാക്കുന്നു. പദ്ധതിയുമായി മുന്നോട്ട് പോവാന്‍ സാംസങ് തീരുമാനിച്ചാല്‍ 2021 മുതല്‍ പുത്തന്‍ സ്മാര്‍ട്ട്‌ഫോണിന്റെ ബോക്‌സില്‍ നിന്നും ചാര്‍ജര്‍ ഒഴിവാകും.

Related posts