സ്ഥിരമായ പുകവലി കേള്‍വി കുറയ്ക്കുമെന്നു പഠനം

സ്ഥിരമായി പുകവലി ശീലമാക്കുന്നവരില്‍ കേള്‍വിശക്തി നഷ്ടമാകാനുള്ള സാധ്യത കൂടുമെന്നു പുതിയ പഠനം. 20നും 64 നും ഇടയില്‍ പ്രായമുള്ള അമ്പതിനായിരത്തില്‍ പരം ആളുകളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഗവേകര്‍ പുതിയ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് നിക്കോട്ടിന്‍ ആന്‍ഡ് ടുബോക്കോ റിസര്‍ച്ച് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ വാര്‍ഷിക ചെക്കപ്പിലെ ഓഡിയോ ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള വിവരങ്ങളും ജീവിതശൈലി ആസ്പദമാക്കിയ ചോദ്യാവലികളും ഉള്‍പ്പെടുത്തി കഴിഞ്ഞ എട്ടു വര്‍ഷമായി തയാറാക്കിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ഗവേഷണ ഫലം തയാറാക്കിയിരിക്കുന്നത്.

നീരിക്ഷണ വിധേയരായ 3532 പേര്‍ക്ക് ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാതെ വന്നപ്പോള്‍ 1575 ഓളം ആളുകള്‍ക്ക് താഴ്ന്ന ഫ്രീക്വന്‍സി ശബ്ദങ്ങളിലാണ് കേള്‍വിശക്തി നഷ്ടമായതെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അഞ്ചുവര്‍ഷത്തിനകം പുകവലി നിര്‍ത്തിയവരില്‍ കേള്‍വിശക്തി കുറയുന്നതിന്റെ തോതും കുറഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളില്‍ നീണ്ട വര്‍ഷങ്ങളായി വസ്തുനിഷ്ഠാപരമായ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് നിരിക്ഷണങ്ങള്‍ നടത്തിയത്. അതുകൊണ്ടുതന്നെ പുകവലിക്കാരിലെ കേള്‍വിശക്തി സംബന്ധിക്കുന്ന ഈ ഗവേഷണം ശക്തമായ തെളിവാണെന്ന് ജപ്പാനിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിസിനിലെ ഗവേഷകനും ജേര്‍ണല്‍ ലേഖകനുമായ ഹ്വാന്‍ഹ്വാന്‍ ഹു പറയുന്നു.

Related posts