ലോക കോടീശ്വരന്മാരില്‍ ആദ്യപത്തില്‍ മുകേഷ് അംബാനിയും

റിലയന്‍സ് മേധാവി മുകേഷ് അംബാനി ലോകത്തെ ശതകോടീശ്വരന്മാരില്‍ ആദ്യ പത്തില്‍ ഇടം നേടി. ധനകാര്യ ഏജന്‍സിയായ ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍ പ്രകാരം ആറാം സ്ഥാനത്താണ് അംബാനി. ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ്, ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്, ഒറാക്കിള്‍ കോര്‍പ് മേധാവി ലാറി എറിസണ്‍, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാന്‍സിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ് എന്നിവരെയാണ് സമ്പത്തില്‍ അംബാനി പിന്തള്ളിയത്. ആദ്യ പത്തിലെ ഒരേ ഒരു ഏഷ്യക്കാരനായും ഇതോടെ മുകേഷ് അംബാനി മാറി. പട്ടികയിലെ ഒന്നാമന്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ്. 184 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനാണ്(115 ബില്യണ്‍ ഡോളര്‍). എല്‍വിഎംഎച്ച് ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് (94.5 ബില്യണ്‍ ഡോളര്‍), ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് (90.8 ബില്യണ്‍ ഡോളര്‍), സ്റ്റീവ് ബള്‍മര്‍ (74.6 ബില്യണ്‍ ഡോളര്‍) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്. ഇതിനോടൊപ്പം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരന്‍ കൂടിയായി മുകേഷ് അംബാനി മാറി. പട്ടികയിലെ ചൈനക്കാര്‍ ആയ ടെന്‍സെന്റ് മേധാവി പോണി മാ, ആലിബാബ മേധാവി ജാക്ക് മാ എന്നിവര്‍ അംബാനിയുടെ പിന്നിലായിരിക്കുകയാണ്. ഇന്ത്യയില്‍ തന്റെ താഴെയുള്ള അഞ്ച് കോടീശ്വരന്മാരുടെ ആസ്തികള്‍ ചേര്‍ന്നാലും മുകേഷ് അംബാനിയുടെ ആസ്തിക്ക് ഒപ്പം എത്താത്ത സാഹചര്യമാണുള്ളത്. ഈ മാസം 13നാണ് 2.17 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് മുകേഷ് അംബാനിയുടെ ആസ്തി 72.4 ബില്യണ്‍ ഡോളറായത്. ജിയോയില്‍ ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളുടെ നിക്ഷേപം ഒഴുകിയെത്തിയതോടെയാണ് അംബാനിയുടെ ആസ്തി റോക്കറ്റ് പോലെ കുതിക്കാന്‍ തുടങ്ങിയത്. ഗൂഗിളും ജിയോയില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.

Related posts