മുട്ട ഭീകരനോ..? ഏറെ തെറ്റിദ്ധരിക്കപ്പെട്ട മുട്ടയെപ്പറ്റി അറിയാം

കൊഴുപ്പ് അടിസ്ഥാനമാക്കിയുള്ള പോഷകങ്ങള്‍ സന്തുലിതമായ അനുപാതങ്ങളില്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥമാണ് മുട്ട. അമ്മിഞ്ഞപ്പാലിന് ശേഷം ലോകം കണ്ട കംപ്ലീറ്റ് ഫുഡ്. ഒമ്പത് അവശ്യ അമിനോ അമ്ലങ്ങള്‍, 11 ക്രിട്ടിക്കല്‍ ധാതുക്കള്‍, വിറ്റാമിന്‍ A, B, D, E, എന്നിവയും ഹൃദ്രോഗ ബാധയില്‍ നിന്നും രക്ത ധമനികളുടെ ക്ഷതങ്ങളില്‍ നിന്നും രക്ഷ നല്‍കുന്ന അരകിടോണിക് അമ്ലം, ഒമേഗ 3 കൊഴുപ്പകള്‍, ലെസിതിന്‍ എന്നിവയുടെയും കലവറയാണ് ഓരോ മുട്ടയും.

എന്നാല്‍ 200-250mg കൊളെസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ടെന്ന വസ്തുതയാണ് ഇവയ്ക്കു വില്ലന്‍ പരിവേഷം നല്‍കുന്നത്. ശ്രദ്ധിക്കേണ്ട വസ്തുത, ഈ കൊളെസ്‌ട്രോള്‍ സമൃദ്ധി സൃഷ്ടിച്ചേക്കാവുന്ന ദൂഷ്യ ഫലങ്ങള്‍ മറികടക്കാനാവശ്യമായ അപൂരിത കൊഴുപ്പമ്ലങ്ങളും മറ്റു ഘടകങ്ങളും മുട്ടയില്‍ പ്രകൃത്യാ ഒരുക്കിയിട്ടുണ്ട് എന്നതാണ്. ശരീരത്തില്‍ കൊളെസ്‌ട്രോള്‍ ലഭ്യമാകുന്നത് രണ്ടു തരത്തിലാണ്.. ആന്തരികമായി ഉല്പാദിപ്പിക്കപ്പെടുന്നവയും (endogenous cholesterol-by liver, kidney, testes, ovary, intestine etc.), ഭക്ഷണത്തിലൂടെ ലഭിക്കുന്നതും (exogenous cholesterol) . ആന്തരികമായി ഉല്പാദിപ്പിക്കുന്ന കൊളെസ്‌ട്രോള്‍ ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാണ്. എന്നാല്‍ ഭക്ഷണത്തിലൂടെയുള്ള കൊളെസ്‌ട്രോള്‍ ലസിക സിര (lymphatics) വഴി ആഗിരണം ചെയ്യപ്പെടുന്നു.

കൊളെസ്‌ട്രോള്‍ അടങ്ങിയ മുട്ട കഴിക്കുമ്പോള്‍ ആന്തരിക കൊളെസ്‌ട്രോള്‍ ഉത്പാദനം നാലില്‍ ഒരു ഭാഗം കണ്ടു കുറയുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. HMD reductase enzyme ന്റെ കരളിലെ പ്രവര്ത്തനം ക്രമീകരിക്കുന്നത് വഴിയാണ് ഇത് സാധ്യമാവുന്നത്. കൂടാതെ കൊളെസ്‌ട്രോള്‍ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ആഗിരണ നിരക്ക് 25% കണ്ടു കുറയുന്നു എന്നും പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ കൊളെസ്‌ട്രോള്‍ ആഗിരണവും ഉല്പാദനവും നിയന്ത്രിക്കാന്‍ ജൈവ ക്രമീകരണങ്ങള്‍ ശരീരത്തില്‍ തന്നെ ഉള്ളപ്പോള്‍ മുട്ടയെ ഭീകരനാക്കി അനാവശ്യ ഭീതി പരത്തേണ്ട യാതൊരു സാഹചര്യവും ഇല്ല എന്നതാണ് വാസ്തവം.

Related posts