മാമ്പഴം കഴിക്കുമ്പോള്‍ തൊലി കളയാറുണ്ടോ?

മാമ്പഴം കഴിക്കുമ്പോള്‍ മിക്കവാറും പേരും അതിന്റെ തൊലി മാറ്റിയിട്ടാണ് കഴിക്കാറ്. ചിലര്‍ക്ക് തൊലി കഴിച്ചാല്‍ വയറുവേദനയുണ്ടാകാറുണ്ടെന്ന് പറയാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ കീടനാശിനി പ്രയോഗങ്ങളെ ചൊല്ലിയുള്ള ആശങ്കയും കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാമ്പഴം കഴിക്കുമ്പോള്‍ ഇതിന്റെ തൊലി നീക്കം ചെയ്യേണ്ടതുണ്ടോ. തൊലി കളയേണ്ട കാര്യമില്ലെന്നാണ് വിദഗ്ധരായ പല ഡയറ്റീഷ്യന്മാരും അഭിപ്രായപ്പെടുന്നത്. മാത്രമല്ല മാമ്പഴത്തിന്റെ തൊലി കഴിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുമുണ്ടത്രേ.

മാമ്പഴത്തിന്റെ തൊലിക്കുള്ള ചില ഗുണങ്ങള്‍…

ഇതില്‍ വിറ്റാമിന്‍-എയും വിറ്റാമിന്‍-സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറെ സഹായകമാണ്. അതുപോലെ മാമ്പഴത്തിന്റെ തൊലിയില്‍ വളരെയധികം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കും.

കൂടാതെ ഇതിലുള്ള ‘ഫൈറ്റോന്യൂട്രിയന്റ്സ്’ നിരവധി ആന്റി ഓക്സിഡന്റുകളെ ഉള്‍ക്കൊള്ളുന്നുണ്ട്. അത് പലതരത്തിലുള്ള അണുബാധകളെയും അസുഖങ്ങളെയുമെല്ലാം ചെറുക്കും. ഇവയ്ക്കെല്ലാം പുറമെ ചര്‍മ്മത്തിന്റെ ചെറുപ്പം സൂക്ഷിക്കാനും ഇത് സഹായിക്കുന്നുണ്ട്. മാമ്പഴത്തിന്റെ തൊലിയില്‍ കാണപ്പെടുന്ന ഫ്ളേവനോയിഡുകളാണ് ഇതിന് സഹായകമാകുന്നത്.

അതേസമയം ചിലര്‍ക്ക് മാമ്പഴം തൊലിയോടെ കഴിക്കുന്നതില്‍ തൃപ്തി കാണില്ല. അത്തരത്തില്‍ തൃപ്തിയില്ലാതെ എന്ത് കഴിച്ചാലും അത് വയറിന് ദോഷമേ ചെയ്യൂ. അതിനാല്‍ ഇതെല്ലാം ഓരോരുത്തരുടെയും താല്‍പര്യം അനുസരിച്ച് തീരുമാനിക്കാമെന്നും ഡയറ്റ് വിദഗ്ധര്‍ പറയുന്നു. എന്തായാലും സാധാരണഗതിയില്‍ മാമ്പഴത്തിന്റെ തൊലിയില്‍ നമ്മളെ അപകടപ്പെടുത്താന്‍ പോന്ന തരത്തിലുള്ള ഘടകങ്ങളൊന്നും അടങ്ങിയിട്ടില്ലെന്ന് തന്നെയാണ് ഇവര്‍ പറയുന്നത്.

Related posts