ഭാര്യ നഷ്ടപ്പെടുത്തിയ സൂപ്പര്‍ഹിറ്റുകള്‍ ഓര്‍മിച്ച് ചാക്കോച്ചന്‍

മലയാള ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്‍കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ചാക്കോച്ചന്‍ നിരവധി ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്. രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. പിന്നീട് കമല്‍ സംവിധാനം ചെയ്ത നിറം വാണിജ്യവിജയം കൈവരിച്ചു.എന്നാല്‍ താരത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടര്‍പരാജയങ്ങള്‍ വന്നപ്പോള്‍ ചാക്കോച്ചന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീടാണ് നടന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയത്. പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് ഭാര്യ പ്രിയയാണെന്ന് താരം പറഞ്ഞു. പരിധി വിട്ടു സിനിമകള്‍ ചെയ്യേണ്ടെന്ന അഭിപ്രായം മാനിച്ച് തനിക്ക് ചില മികച്ച സിനിമകള്‍ അന്ന് നഷ്ടമായിരുന്നെന്നും ചാക്കോച്ചന്‍ പറയുന്നു. അത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം എന്റെ ഭാര്യക്ക് ഏറ്റെടുക്കേണ്ടി വരികയും ചെയ്തു. സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന ഭാര്യയുടെ അഭിപ്രായത്തില്‍ സ്വാര്‍ത്ഥയുടെ അംശമുണ്ടോ എന്ന് ഞാന്‍ ഒരിക്കലും ഓപ്പണ്‍ ആയി ചോദിച്ചില്ലെന്ന് താരം പറഞ്ഞു. ലാല്‍ ജോസിന്റെ ക്ലാസ്‌മേറ്റ്‌സ്, ബി ഉണ്ണികൃഷ്ണന്റെ മാടമ്പി പോലെയുളള ചില നല്ല സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ലെന്ന് താരം വെളിപ്പെടുത്തി. വാര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവില്‍ ട്രാഫിക്ക്, ഓര്‍ഡിനറി, സീനിയേഴ്‌സ്, റോമന്‍സ്, മല്ലു സിംഗ് തുടങ്ങിയ സിനിമകളുടെ വിജയമാണ് ചാക്കോച്ചന്റെ തിരിച്ചുവരവിന് കാരണമായത്. തുടര്‍ന്ന് മലയാളത്തിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി ചാക്കോച്ചന്‍ വീണ്ടും മാറുകയായിരുന്നു.

Related posts