ബി.സി.സി.ഐക്ക് വീണ്ടും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി

bcci-spr
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ബി.സി.സി.ഐക്ക് വീണ്ടും കനത്ത തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് ബി.സി.സി.ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി തള്ളിയതോടുകൂടി ബി.സി.സി.ഐക്ക് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കേണ്ടി വരും.

ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറണമെന്ന ബി.സി.സി.ഐയുടെ ആവശ്യവും സുപ്രീം കോടതി പരിഗണിച്ചില്ല. ബി.സി.സി.ഐയുടെ പുന:പരിശോധന ഹര്‍ജി ഇന്ന് കോടതി ചേംബറിലാണ് പരിഗണിച്ചത്.
ബി.സി.സി.ഐയുടെ ഭരണസമിതിയില്‍ നവീകരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജസ്റ്റിസ് ആര്‍.എം ലോധയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നാലില്‍ മൂന്ന് സംസ്ഥാന അസോസിയേഷനുകളും സമ്മതിക്കുന്നില്ലെന്നും കാണിച്ചാണ് ബി.സി.സി.ഐ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

Related posts