ബാഴ്‌സയില്‍ തുടരാന്‍ മെസിയോട് ഇതിഹാസതാരം

ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കാന്‍ ലയണല്‍ മെസി വിസമ്മതിച്ചതിന് പിന്നാലെ താരം ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍. മെസി ലാലിഗയില്‍ തുടരണമെന്നാണ് സിദാന്‍ അഭിപ്രായപ്പെട്ടത്. മെസി പോയാല്‍ അത് ലാ ലിഗയ്ക്ക് വന്‍നഷ്ടമാകുമെന്നും ബാഴ്‌സലോണ വിട്ട് മെസി പോകരുതെന്നും സിദാന്‍ പറയുന്നു. ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസി. ആ മെസി ഇവിടെ ഉണ്ടാകണം. ഏറ്റവും മികച്ച താരങ്ങള്‍ എതിരാളികളായി ഉണ്ടായാലേ റയല്‍ മാഡ്രിഡ് മെച്ചപ്പെടൂ, സിദാന്‍ വ്യക്തമാക്കുന്നു. നിലവില്‍ 2021വരെയാണ് മെസിയുമായി ബാഴ്‌സയ്ക്ക് കരാറുള്ളത്. അതിന് ശേഷം അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. അതേ സമയം മെസിയുടെ കൂടുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകരും സജീവമായി ഏറ്റെടുത്തിരിക്കുകയാണ്. ബാഴ്‌സലോണ വിട്ടാല്‍ മെസി കളിക്കാന്‍ സാധ്യതയുള്ള ക്ലബ്ബേതെന്നാണ് ആരാധകര്‍ പ്രധാനമായും അന്വേഷിക്കുന്നത്. യുവന്റസില്‍ റൊണാള്‍ഡോയും മെസിയും ഒരുമിച്ച് കളിക്കുമോയെന്നറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. എന്നാല്‍ കൂടുമാറ്റ അഭ്യൂഹങ്ങളെക്കുറിച്ച് മെസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related posts