പോകാം കുറുമ്പാലകോട്ടയിലേക്ക്…

കൈയത്തും ദൂരത്ത് പരവതാനി തീര്‍ക്കുന്ന മേഘക്കൂട്ടം,അവയ്ക്കു പിന്നിലായി ചെറുമലകള്‍ക്കിടയിലൂടെ സ്വര്‍ണവര്‍ണം വിതറി രാജകീയ പ്രൗഡിയില്‍ തെളിയുന്ന ഉദയസൂര്യന്‍…കോടമഞ്ഞിന്റെ നനുത്ത കാറ്റ്…ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹര കാഴ്ച്ച…ഇതാണ് നമ്മുടെ സ്വന്തം കുറുമ്പാലക്കോട്ട.. വയനാടിന്റെ കിഴക്കന്‍പ്രദേശത്ത് സ്ഥിതിചെയ്യുന്ന മലയാണ് കുറുമ്പാലക്കോട്ട.മലമുകളില്‍ മേഘങ്ങള്‍ തീര്‍ക്കുന്ന ദൃശ്യ വിസ്മയം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രദേശത്തേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്.ദിവസേന അഞ്ഞൂറിലധികം സഞ്ചാരികള്‍ ഇവിടെ വന്നു പോകുന്നു.ട്രക്കിങ് പ്രിയരുടെ ഇഷ്ട സ്‌പോട്ടായി മാറുകയാണ് കുറുമ്പാലക്കോട്ട.

ടെന്റടിച്ച് രാപ്പാര്‍ക്കാം

സൂര്യോദയം കാണുവാനാണ് കൂടുതല്‍ സഞ്ചാരികളും ഇവിടെ എത്തുന്നത്.തലേ ദിവസം തന്നെ മലമുകളിലെത്തി താമസിക്കുവാന്‍ വാടകയ്ക്കു ടെന്റുകള്‍ ലഭ്യമാണ്.മലനിരകള്‍ക്കിടയിലൂടെ താഴ്ന്നിറങ്ങുന്ന സൂര്യനെയും കണ്ട്,ടെന്റില്‍ അന്തിയുറങ്ങി,പുലര്‍ച്ചെ ഉദയവും കണ്ട് മടങ്ങാം..ഒരു ഒന്നൊന്നര അനുഭവമായിരിക്കും…

സഞ്ചാരികളുടെ പ്രവാഹം

പുലര്‍ച്ചെ മുതല്‍ കുറുമ്പോലക്കോട്ടയിലേക്കുള്ള വഴികളെല്ലാം സഞ്ചാരികളെക്കൊണ്ട് നിറയും.ട്രക്കിങിന് താല്‍പര്യമുള്ളവര്‍ക്ക് ഏറെ പ്രിയങ്കരമാകും അല്‍പം സാഹസികത നിറഞ്ഞ ഈ മലകയറ്റം.മുന്‍പ് യുവാക്കള്‍ മാത്രമെത്തിയിരുന്ന പ്രദേശത്ത് ഇന്ന് ആളുകള്‍ കുടുംബസമേതം എത്തിത്തുടങ്ങിയിട്ടുണ്ട്.കുത്തനെയുള്ളകയറ്റവും ചെങ്കുത്തായ നടപ്പാതയും പിന്നിട്ടുവേണം മുകളിലെത്താന്‍.ക്ഷീണം തോന്നിയാല്‍ വഴിയരികിലെ പാറക്കെട്ടുകളില്‍ വിശ്രമിക്കാം. അരമണിക്കൂര്‍ കൊണ്ട് മലമുകളിലെത്താം.അവിടെ പറന്നിറങ്ങുന്ന കോടമഞ്ഞ് നമുക്ക് സ്വാഗതം പറയും.കോട ഇറങ്ങിക്കഴിഞ്ഞാല്‍ വയനാടിന്റെ ഒരു ഫുള്‍വ്യൂ മലമുകളില്‍ നിന്ന് ദൃശ്യമാകും.കോടയില്‍ കുളിച്ചു നില്‍ക്കുന്ന ബാണാസുര മലനിരകള്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുക.

റൂട്ട്മാപ്പ്…

കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി റോഡിലൂടെ കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് ഏകദേശം പതിനേഴ് കിലോമീറ്ററാണ് ദൂരം.പക്രതളം ചുരം കയറിവരുന്നവര്‍ക്ക് കോറം-കെല്ലൂര്‍ വഴി എത്താം.മലയുടെ മുകളിലേക്ക് പലവഴികളുമുണ്ടെങ്കിലും കുറുമ്പാലക്കോട്ട ക്ഷേത്രത്തിന് സമീപത്തെ വഴിയിലൂടെ മലകയറുന്നതാകും നല്ലത്.ഓഫ് റോഡ് വാഹനങ്ങളില്‍ വരുന്നവര്‍ക്ക് മറ്റൊരു വഴിയിലൂടെ ഏകദേശം ഹില്‍ടോപ്പിന് അടുത്തുവരെ എത്താം.നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ജീപ്പുകളിലോ മറ്റു ഓഫ് റോഡ് വാഹനങ്ങളിലോ വരുന്നതാവും നല്ലത്. ബൈക്കുകളും ഇതുവഴി വരാറുണ്ടെങ്കിലും അപകടസാധ്യത കൂടുതലാണ്.പ്രത്യേകിച്ച് മഴക്കാലത്ത്.വാഹനങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് താഴെ പേ ആന്റ് പാര്‍ക്ക് സൗകര്യമുണ്ട്.മലമുകളിലും താഴെയും ചെറു ഭക്ഷണശാലകള്‍ ഉള്ളതുകൊണ്ട് വിശന്നുവലയുമെന്ന പേടി വേണ്ട.

Related posts