പുതുവര്‍ഷത്തില്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കേരളത്തിലെ സ്വര്‍ഗങ്ങള്‍!…


കടലും മലയും കായലും തടാകവും ഒക്കെയയായി കേരളത്തിന്റെ കാഴ്ചകള്‍ ആരെയും കൊതിപ്പിക്കുന്നതാണ്. കേരളത്തിന്റെ സൗന്ദര്യം ഒന്നുമാത്രം കാണുവാന്‍ ആഗ്രഹിച്ചാണ് ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ സമയത്തും ഈ നാടു തേടി എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും അവിടുത്തെ കാഴ്ചകളും മലബാറും വള്ളുവനാടും തിരുവിതാംകൂറും ഒക്കെ ചേരുന്ന ഇവിടെ കണ്ടു തീര്‍ക്കുവാന്‍ പറ്റാത്ത കാഴ്ചകളും ഇടങ്ങളുമാണുള്ളത്. അങ്ങനെയുളള ഈ കേരളത്തില്‍ മഞ്ഞുകാലത്ത് കാണുവാനുള്ള സ്ഥലങ്ങളെക്കുറിച്ച് അറിയുമോ? പുതുവര്‍ഷത്തില്‍ കേരളത്തില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍.

ഫോര്‍ട്ട് കൊച്ചി

ഏതു സമയത്തു കേരളത്തിലെത്തിയാലും, എപ്പോള്‍ ഒരു ട്രിപ് പ്ലാന്‍ ചെയ്താലും ഒരു സംശയവും കൂടാതെ പോകുവാന്‍ പറ്റിയ സ്ഥമാണ് ഫോര്‍ട്ട് കൊച്ചി. കൊച്ചിയുടെ കാഴ്ചകള്‍ പൂര്‍ണ്ണമാകണമെങ്കില്‍ ഫോര്‍ട്ട് കൊച്ചിയല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ല. നിരന്നു കിടക്കുന്ന ചീനവലകളും പൗരാണിക കെട്ടിടങ്ങളും ഒക്കെയായി മറ്റൊരു കാലത്തേയ്ക്ക് എത്തിക്കുന്ന ഇടമാണ് ഫോര്‍ട്ട് കൊച്ചി. കൊളോണിയന്‍ കാലത്തെ നിര്‍മ്മിതികളായ ഇവിടുത്തെ മിക്ക കെട്ടിടങ്ങളും വാസുവിദ്യയില്‍ താല്പര്യമുള്ളവര്‍ക്ക് കാണാന്‍ പറ്റിയതാണ്.

പൂവാര്‍

തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടം എന്നറിയപ്പെടുന്ന സ്ഥലമാണ് പൂവാര്‍. ശാന്തമായ ഒരിടം തേടി എത്തുന്നവര്‍ക്ക് ചിലവഴിക്കുവാന്‍ പറ്റിയ പ്രദേശമാണിത്. തിരുവനന്തപുരം നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയാണ് പൂവാര്‍. വിഴിഞ്ഞത്തുനിന്നും പതിനഞ്ച് മിനിറ്റ് ബോട്ടില്‍ സഞ്ചരിച്ചാലും പൂവാറിലെത്താം. കോവളം ബീച്ചും പൂവാര്‍ ബീച്ചുമായി ഒരു അഴിയാല്‍ വേര്‍തിരിക്കപ്പെട്ടു കിടക്കുകയാണ്. വേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും ഇവിടെ രൂപപ്പെടാറുണ്ട്

കുമരകം

തനിനാടന്‍ കേരളത്തിന്റെ കാഴ്ചകളും രുചിയും ഒക്കെ അറിയണമെങ്കില്‍ കുമരകത്തിനു തിരിക്കാം. കായലും അതിനെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകളും ജീവിതങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വേമ്പനാട് കായലാണ് കുമരകത്തിനു ഇത്രയും ഭംഗി നല്കുന്നത്.

വാഗമണ്‍

ആഗോള സഞ്ചാരികളുടെ ഇടയില്‍ കേരളത്തില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളിലൊന്നാണ് വാഗമണ്‍. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന ഇവിടം പല തവണയാണ് ഇന്ത്യയില്‍ ഉറപ്പായും സഞ്ചരിക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആകാശത്തോളം ഉയരത്തില്‍ നില്‍ക്കുന്ന മലനിരകളും കുതിച്ചുകുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങളും കണ്ണെത്താത്ത താഴ്വരകളും ഒക്കെയായി വീണ്ടും വീണ്ടും വരുവാന്‍ തോന്നിപ്പിക്കുന്ന ഇടമാണിത്. കുരിശു മലയും പൈന്‍ കാടുകളും വാഗമണ്‍ ലേക്കു തേയിലത്തോട്ടങ്ങളും തങ്ങളുപാറയും മുരുകന്‍പാറയും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ദേവികുളം


മൂന്നാറിന്റെ കാഴ്ചകളില്‍ നിന്നും കുറച്ചുകൂടി മുന്നോട്ട് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദേവികുളം തിരഞ്ഞെടുക്കാം. ഇവിടെ നിന്നും വെറും എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേവികുളം ഫോട്ടോഗ്രഫിക്കും ട്രക്കിങ്ങിനും കാഴ്ചകള്‍ക്കും ഒക്കെ പറ്റിയ പ്രദേശമാണ്. സീതാ ദേവി വന്നു കുളിച്ചു എന്നു വിശ്വസിക്കപ്പെടുന്ന തടാകം, ക്ഷേത്രം, കുണ്ടള ലേക്ക്, ആനയിറങ്കല്‍ തടാകം, പള്ളിവാസല്‍ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

കോവളം

അവധി ദിവസങ്ങള്‍ ചിലവഴിക്കുവാന്‍ കേരളത്തില്‍ ഇന്നുള്ള ഏറ്റവും മികച്ച ബീച്ചുകളിലൊന്നാണ് കോവളം. കേരളത്തിലെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്ന ഇവിടെ നിന്നുള്ള കാഴ്ചകള്‍ മനസ്സിലാണ് പതിയുന്നത്. കേരളത്തിന്റെ ചില തനത് കാര്യങ്ങള്‍ തേടി ഇവിടെ എത്തുന്ന വിദേശികളാണ് ബീച്ചില്‍ അധികവും. ആയുര്‍വ്വേദ മസാജും സണ്‍ബാത്തും ഒക്കെയായി ഇനിടെ തമ്പടിച്ചിട്ടുള്ലഴര്‍ ഒരുപാടുണ്ട്. തിരുവനന്തപുരത്തു നിന്നും 17 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്. കടല്‍തീരത്തെ കോട്ടേജുകളിലെ താമസം കൂടിയായാലേ കോവളം സഞ്ചാരം പൂര്‍ണ്ണമാകൂ.


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Related posts