ദൃശ്യവിസ്മയമൊരുക്കി കാലാങ്കി മലനിരകള്‍

വശ്യതയാര്‍ന്ന കുടക് മലനിരകള്‍ മാടിവിളിക്കുന്ന ഉളിക്കല്‍ പഞ്ചായത്തിലെ കാലാങ്കി പ്രദേശം ടൂറിസംമേഖലയില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കണ്ണെത്താത്ത ദൂരത്തോളമുള്ള മലനിരകളുടെ ദൃശ്യവിസ്മയം കാണാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. അപ്പര്‍ കാലാങ്കിയില്‍നിന്ന് നാലുഭാഗത്തേക്കുമുള്ള കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. വേനലിന്റെ ചൂട് വര്‍ധിക്കുന്നതോടെ ഈപ്രദേശം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും. ഇടയ്ക്കിടെ കോടമഞ്ഞില്‍ പുതച്ചുകിടക്കുന്ന ഈപ്രദേശം വികസനത്തിന് കാതോര്‍ക്കുകയാണ്. ഇവിടെനിന്ന് വിരാജ്‌പേട്ടയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴിതുറക്കുന്നതും പരിഗണിക്കാവുന്നതാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

റോഡ് വികസനം അനിവാര്യം

ഇരിട്ടിയില്‍നിന്ന് കാലാങ്കിയിലെത്താന്‍ ഏകദേശം 20 കിലോ മീറ്റര്‍ സഞ്ചരിക്കണം. കാലാങ്കിവരെ ബസ് സൗകര്യമുണ്ട്. അവിടെനിന്ന് അപ്പര്‍ കാലാങ്കിയിലുള്ള ടൂറിസ്റ്റ് പോയന്റിലേക്ക് നാല് കിലോമീറ്ററുണ്ട്. ചെറുവാഹനങ്ങള്‍ക്ക് ടൂറിസംമേഖലയിലെത്താന്‍ വിഷമമില്ല.

അപ്പര്‍ കാലാങ്കിവരെയുള്ള ഭാഗം മെക്കാഡം ടാറിട്ട് വികസിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിവേദകസംഘത്തിന് ഉറപ്പുനല്‍കിയിരുന്നു. കുത്തനെ കയറ്റമുള്ളതുകാരണം റോഡ് വീതികൂട്ടി വികസിപ്പിക്കണം.

ടൂറിസം വികസനത്തിന് സാധ്യത -ഡി.ടി.പി.സി.

ടൂറിസത്തിന് സാധ്യതയുള്ള പ്രദേശമായിമാറാന്‍ കാലാങ്കിക്ക് കഴിയുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡി.ടി.പി.സി. അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യവ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങള്‍ സൗജന്യമായി വിട്ടുകിട്ടിയാല്‍ പുതിയ പദ്ധതികള്‍ ഡി.ടി.പി.സി. പരിഗണിക്കും. വെള്ളച്ചാട്ടം ഉള്‍പ്പടെ നിലനില്‍ക്കുന്നത് സ്വകാര്യവ്യക്തികളുടെ സ്ഥലത്താണ്.

Related posts