ദുബായില്‍ 3 ദിവസത്തില്‍ ഒരിക്കല്‍ മാത്രം പുറത്തിറങ്ങാന്‍ അനുമതി; നിയന്ത്രണം ശക്തം

ദുബായ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ദുബായിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഇനി അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി മൂന്നു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂവെന്നാണ് അധികൃതര്‍ വ്യക്തമാകുന്നത്. ഭക്ഷണമോ മരുന്നോ വാങ്ങാനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങണമെങ്കില്‍ ദുബായിലെ താമസക്കാര്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം എന്നതാണ് നിലവിലെ നിയമം. ഇതാണ് മൂന്നു ദിവസത്തില്‍ ഒരിക്കലായി ചുരുക്കിയത്.
പുറത്ത് പോകുന്നതിന് അനുവാദം നല്‍കുന്ന ദുബായ് പൊലീസിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉള്ളത്. ഇതുപ്രകാരം ഒരു വ്യക്തിക്ക് മൂന്നു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പുറത്തുപോകാന്‍ അനുവാദം ലഭിക്കൂ. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് അഞ്ചു ദിവസത്തില്‍ ഒരിക്കലാണ് അനുമതി നല്‍കിയിരിക്കുന്നത്.
ജനങ്ങള്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ദുബായ് പൊലീസ് യാത്രയ്ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്. പേര്, എമിറേറ്റ്‌സ് ഐഡി, ആവശ്യം, വിലാസം, പൗരത്വം എന്നിവ നല്‍കണം. കോവിഡ് 19നെ നേരിടുന്നതിന് ശക്തമായ നടപടികളാണ് യുഎഇ സ്വീകരിച്ചുവരുന്നത്. ദുബായ് പൊലീസിന്റെ https://dxbpermit.gov.ae/home ഈ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ആവശ്യമായ അനുമതി പത്രം ലഭിക്കും.

Related posts