ജസ്റ്റിസ് ലോധാ സമിതി ശുപാര്‍ശകള്‍ അനുസരിക്കാത്ത ബിസിസിഐ ഭാരവാഹികളെ പുറത്താക്കണമെന്ന് ഇടക്കാല ഭരണസമിതി

sc-or-bcci

ഡല്‍ഹി : ജസ്റ്റിസ് ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തടസ്സംനില്‍ക്കുന്ന ബിസിസിഐ ഭാരവാഹികളെ നീക്കണമെന്ന് വിനോദ് റായ് അധ്യക്ഷനായ താല്‍ക്കാലിക ഭരണസമിതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ സി കെ ഖന്ന, മറ്റ് ഭാരവാഹികളായ അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരെ ഉടന്‍ പുറത്താക്കണമെന്നാണ് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ ആവശ്യം.

ലോധാസമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനൊപ്പം ഇവര്‍ കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും സമിതി ചൂണ്ടിക്കാണിച്ചു. റിപ്പോര്‍ട്ടിന്റെ പതിപ്പ് ബിസിസിഐ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡല്‍ഹി, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുകളുടെ മാതൃകയില്‍ സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാരുടെ മൂന്നംഗ സമിതികള്‍ സംസ്ഥാന അസോസിയേഷനുകളെ ഓഡിറ്റ് ചെയ്യണം. കഴിഞ്ഞമാസം ചേര്‍ന്ന പ്രത്യേക ജനറല്‍ബോഡി യോഗത്തില്‍ കോടതി നിയോഗിച്ച സിഇഒ രാഹുല്‍ ജോഹ്റിയെ പുറത്താക്കിയ നടപടി ഗുരുതര നിയമലംഘനമാണെന്നും സമിതി കുറ്റപ്പെടുത്തി.ബിസിസിഐ അംഗമല്ലെന്നു പറഞ്ഞാണ് കോടതി നിയോഗിച്ച സിഇഒയെ പുറത്താക്കിയത്.

സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ജനറല്‍ബോഡി യോഗങ്ങള്‍ ചേരുന്നത്. ലോധാസമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന അസോസിയേഷനുകള്‍ താല്‍പ്പര്യം കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബിസിസിഐയുടെ പുതിയ ഭരണസമിതിക്ക് അന്തിമരൂപം കൊടുക്കാന്‍ കൂടുതല്‍ അധികാരം നല്‍കണം. തെരഞ്ഞെടുപ്പു കാര്യങ്ങള്‍ കുറ്റമറ്റരീതിയില്‍ നിര്‍വഹിക്കാന്‍ അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

മുന്‍ സിഎജി വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതിയെ സുപ്രീം കോടതിയാണ്് നിയമിച്ചത്. ലോധ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാത്തതിനാലായിരുന്നു അനുരാഗ് ഠാക്കൂര്‍, അജയ് ഷിര്‍ക്കേ എന്നിവരെ മാറ്റിയത്.

Related posts