ഗര്‍ഭിണികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് ഇങ്ങനെ ആയിരിക്കണം

ഗര്‍ഭകാലത്തെ ഉറക്കം സ്ത്രീകള്‍ക്ക് പലപ്പോഴും ഒരു സമസ്യയാണ്. കിടക്കുമ്പോള്‍ ചുട്ടു വിയര്‍ക്കുക, കാലുകള്‍ വേദനിക്കുക, നെഞ്ചെരിയുക തുടങ്ങി പ്രശ്‌നങ്ങള്‍ അനവധി. ചിലപ്പോള്‍ ലൈറ്റ് ഓഫാക്കി കിടന്നുകഴിഞ്ഞാവും അടുത്ത നിമിഷം മൂത്രമൊഴിക്കാന്‍ തോന്നുക. വേറെ ചിലപ്പോഴാവട്ടെ, ഒന്ന് മയങ്ങി തുടങ്ങുമ്പോഴേക്കും കുഞ്ഞുവാവ അകത്തുകിടന്ന് പരാക്രമം തുടങ്ങിയിട്ടുണ്ടാകും. അങ്ങനെയെന്നിരിക്കെ, ഗര്‍ഭകാലത്ത് ഉറങ്ങേണ്ട രീതികള്‍ എങ്ങനെ വേണം?

കമിഴ്ന്നു കിടക്കുന്നത്

ഗര്‍ഭത്തിന്റെ ആദ്യ ദിവസങ്ങളില്‍ കമിഴ്ന്നു കിടക്കുന്നത് പ്രശ്‌നമല്ലെങ്കിലും പിന്നീടുള്ള നാളുകളില്‍ ഇത് ഒട്ടും നല്ലതല്ല. അതുകൊണ്ട് കമിഴ്ന്നു കിടക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

മലര്‍ന്നു കിടക്കുന്നത്

ആദ്യത്തെ മൂന്ന് മാസക്കാലം കിടക്കുന്ന രീതി അത്ര പ്രശ്‌നമുണ്ടാക്കില്ല. എന്നാല്‍ 3 മാസം കഴിഞ്ഞാല്‍ മലര്‍ന്നു കിടക്കുന്നതും ഒഴിവാക്കേണ്ടി വരും. കാരണം, ഇങ്ങനെ കിടക്കുമ്പോള്‍ ഗര്‍ഭപാത്രത്തില്‍ സമ്മര്‍ദ്ദം വരികയും ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനിയെ ബാധിക്കുകയും ചെയ്യുന്നു. ഇത് കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ കൃത്യമായി എത്താതിരിക്കാനും രക്തചംക്രമണം കുറയാനും കാരണമായേക്കാം. അധിക നേരം മലര്‍ന്നു കിടക്കുമ്പോള്‍ തല കറക്കവും അനുഭവപ്പെടാം.

വലതു വശം തിരിഞ്ഞു കിടക്കുന്നത്

കമിഴ്‌ന്നോ മലര്‍ന്നോ കിടക്കുന്നതിനേക്കാള്‍ നല്ലത് വലതു വശം തിരിഞ്ഞു കിടക്കുക തന്നെയാണ്. എങ്കില്‍ പോലും ഇങ്ങനെ കിടക്കുന്നത് കരളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ഇതും ശുപാര്‍ശ ചെയ്യാറില്ല.

എങ്ങനെ കിടക്കണം?

ഡോക്ടര്‍മാരും മറ്റു ഗൈനക്കോളജി വിദഗ്ധരുംശുപാര്‍ശ ചെയ്യുന്നത് ഗര്‍ഭിണികള്‍ ഇടതു വശം തിരിഞ്ഞു കിടക്കണം എന്നാണ്. ഇത് ഗര്‍ഭപാത്രം കരളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ വഴിവെക്കുകയില്ല. അതിലുപരി, ആവശ്യത്തിനു പോഷകവും ഓക്‌സിജനും കുഞ്ഞിന് ലഭിക്കുകയും ചെയ്യും. ഇടത്തോട്ട് തിരിഞ്ഞു കിടക്കുന്നത് ആവശ്യത്തിന് രക്തയോട്ടം അനുവദിക്കുക മാത്രമല്ല, കൂടുതല്‍ ആയാസമാക്കുകയും ചെയുന്നു. പ്രസവത്തിന്റെ തൊട്ടു തലേദിവസം ഇടത്തോട്ട് തിരിഞ്ഞു കിടക്കുന്നത് കുട്ടി മരിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നായിരിക്കും പ്രസവം എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നിരിക്കെ ഗര്‍ഭത്തിന്റെ അവസാന കാലയളവില്‍ എന്നും ഇടത്തോട്ട് തിരിഞ്ഞു കിടക്കുക നന്നായിരിക്കും. ഉറക്കത്തില്‍ അറിയാതെ തിരിയുന്നത് പൂര്‍ണമായും തടയാന്‍ സാധിക്കില്ലെങ്കിലും ഉറക്കത്തില്‍ ഉണര്‍ന്ന ശേഷം വീണ്ടും കിടക്കുമ്പോള്‍ ഇടത്തോട്ട് തിരിഞ്ഞു തന്നെ കിടക്കാന്‍ ശ്രദ്ധിക്കുമല്ലോ

Related posts