
സമകാലീന ടെന്നീസിലെ വിസ്മയമായ റോജര്‍ ഫെഡറര്‍ ഇതിഹാസതാരമായാണ് വിലയിരുത്തപ്പെടുന്നത്. 100ല്‍ അധികം എടിപി കിരീടങ്ങളും 20 ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പുകളും സ്വന്തമായുള്ള സ്വിസ് താരം പ്രായമേറിയിട്ടും കളിക്കളത്തില്‍ സജീവമാണ്. കാലമേറുന്തോറും വീര്യമേറുന്ന വീഞ്ഞുപോലെ കളിക്കളത്തില്‍ തനിക്കുമാത്രം സ്വായത്തമായുള്ള ഷോട്ടുകളുമായി ആരാധകരെ ആനന്ദിപ്പിക്കുന്ന ഫെഡറര്‍ വിരമിക്കുന്നതിനെക്കുറിച്ച് മനസുതുറന്നു. കളിക്കളത്തില്‍ തുടരുന്നതിന് ആരോഗ്യത്തിന് മാത്രമായിരുന്നു താന്‍ ഇത്രയും കാലം പ്രാധാന്യം നല്‍കിയിരുന്നതെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഫെഡറര്‍ പറഞ്ഞു. എത്രത്തോളം ആരോഗ്യം അനുവദിക്കുന്നുവോ അത്രയും കളിക്കളത്തില്‍ തുടരാനായിരുന്നു തീരുമാനം. എന്നാലിപ്പോള്‍ ആര്‍പ്പുവിളിക്കുന്ന സ്റ്റേഡിയങ്ങള്‍ എനിക്ക് നഷ്ടബോധമുണ്ടാക്കുന്നു. വിരമിക്കല്‍ സമയം അടുത്തുവരികയാണ്. ഇപ്പോള്‍ വിരമിക്കകയെന്നത് ഏറെ എളുപ്പമാണ്. എന്നാല്‍, കോര്‍ട്ടില്‍ ആസ്വദിച്ച് കളിക്കാന്‍ ഒരു അവസരം കൂടി നല്‍കുകയാണെന്ന് ഫെഡറര്‍ വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫെഡറര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഈ സീസണില്‍ ഇനി കളിക്കില്ലെന്ന് താരം സൂചന നല്‍കിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി കോര്‍ട്ടുകളില്‍ ആരവം ഉയരുന്നില്ല. ഓഗസ്ത് മാസത്തോടെ പുരുഷ, വനിതാ ടെന്നീസ് മത്സരങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് പ്രതീക്ഷ. കളി തിരികെയെത്തിയാലും ആരാധകരൊഴിഞ്ഞ സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും മത്സരങ്ങള്‍. ആരാധകരുടെ പിന്തുണയില്ലാതെ കളിക്കുന്നതിനെക്കുറിച്ച് വിഷമം തോന്നുന്നെന്ന് ഫെഡറര്‍ നേരത്തെ പറഞ്ഞിരുന്നു.